തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി തൃശ്ശൂരിൽ വോട്ടർമാർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയിലാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തത്. ഒളരി പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപവും കാർത്തിക സൂപ്പർ മാർക്കറ്റിന് സമീപവുമാണ് അനധികൃത കിറ്റ് വിതരണം നടന്നത്. ബി.ജെ.പി പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് വിതരണം നടന്നതെന്നാണ് അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇയാളാണ് കേസിലെ ഒന്നാം പ്രതി.
എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഡോ. ബിന്ദു ടി.എന്നിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ടീം നടത്തിയ പരിശോധനയിലാണ് ഏകദേശം 900 രൂപ വിലമതിക്കുന്ന വിവിധ വീട്ടുസാധനങ്ങൾ അടങ്ങിയ 26 കിറ്റുകൾ വിതരണം ചെയ്യുന്നതായി കണ്ടെത്തിയത്. ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് 75 കിറ്റുകൾ വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കിറ്റുകൾ വിതരണം ചെയ്യുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് മുൻമന്ത്രി വി.എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ സ്ഥലത്ത് എത്തുകയും അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഇലക്ഷൻ ഫ്ളെയിങ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി ഒളരിയിലെ സൂപ്പർ മാർക്കറ്റ് അടപ്പിച്ചു.
ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് നൂറിലേറെ സ്ലിപ്പുകൾ നൽകിയതായും ഇതിൽ പകുതിയിലധികം കിറ്റുകൾ വിതരണം ചെയ്തതായും ബിജെപി പ്രാദേശേിക നേതാവിന്റെ നേതൃത്വത്തിലാണ് ഇത് നടന്നതെന്നും വി.എസ് സുനിൽകുമാർ ആരോപിച്ചു. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അഴിമതി നടക്കുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും സുനിൽകുമാർ പറഞ്ഞു.
കോൺഗ്രസ് അയ്യന്തോൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കിറ്റ് വിതരണം നടന്ന സൂപ്പർ മാർക്കറ്റിന് മുന്നിൽ പ്രതിഷേധിച്ചു. കൂപ്പൺ കൊടുത്ത് കിറ്റ് വിതരണം ചെയ്യുന്നത് ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും തൃശൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജൻ ജെ പല്ലൻ പറഞ്ഞു.
