കോഴിക്കോട് : കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസ് ആയിരുന്നു. അർബുദത്തെ തുടർന്ന് കുറച്ച് ദിവസങ്ങളായി കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. .
എസ്എഫ്ഐയിൽ കൂടിയായിരുന്നു ജമീലയുടെ രാഷ്ട്രീയപ്രവേശനം. ഒമ്പതാം തരത്തിൽ പഠിക്കുമ്പോൾ എസ്എഫ്ഐ സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ജമീല നേതൃസ്ഥാനത്തെത്തുന്നത്. വിവാഹ ശേഷം കോഴിക്കോട്ടെ തലക്കുളത്തൂരിലത്തിയതോടെ സജീവ പാർട്ടി പ്രവർത്തകയായിമാറി.
തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോൾ കോഴിക്കോടിന് മികച്ച ജില്ലാ പഞ്ചായത്തിനുള്ള അംഗീകാരം നേടിയിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്.
അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തില്‍ ജമീല. പരേതരായ ടി.കെ. ആലിയുടേയും മറിയത്തിന്റേയും മകളാണ്. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍. മക്കള്‍: അയ്റീജ് റഹ്‌മാന്‍ (യുഎസ്എ), അനൂജ സുഹൈബ് (ന്യൂനപക്ഷ കോർപ്പറേഷൻ ഓഫീസ്- കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു. സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ.
