ഷിംല: ഹിമാചൽപ്രദേശിലെ ബിലാസ്പൂരിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 15 പേർ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. ബസിൽ മുപ്പതിലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.
ഹരിയാനയിലെ റോഹ്തക്കിൽ നിന്ന് ബിലാസ്പൂരിനടുത്തുള്ള ഗുമർവിനിലേക്ക് പോവുകയായിരുന്നു ബസ്. കനത്ത മഴയിൽ
യാത്രയ്ക്കിടെ ബസ്സിൻ്റെ മുകളിലേക്ക് ഒരു കുന്നിൻ്റെ വലിയ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഭാലുഘട്ട് പ്രദേശത്തെ ഭല്ലു പാലത്തിന് സമീപത്ത് വെച്ച് ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ബസിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. പോലീസ്, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിട്ടി, പ്രദേശവാസികൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനം ഊർജിതമാക്കി അടിയന്തര നടപടികൾ സ്വീകരിക്കാൻ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു നിർദ്ദേശിച്ചു.
