മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഒപ്പം യാത്ര ചെയ്ത പൈലറ്റ് ഉൾപ്പെടെ മറ്റ് അഞ്ചു പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. വിമാനത്തിന് തകരാർ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ബാരാമതി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. മുംബൈയിൽനിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച രാവിലെ 8.49-ഓടെയാണ് ‘അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ചൊവ്വാഴ്ച മുംബൈയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പവാർ പങ്കെടുത്തിരുന്നു. പൂനെയിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്കായി അദ്ദേഹം ബാരാമതിയിലേക്കുള്ള യാത്രയിലായിരുന്നു.
മുതിർന്ന രാഷ്ട്രീയനേതാവും എൻസിപി സ്ഥാപകനുമായ
ശരദ് പവാറിന്റെ സഹോദരപുത്രനും ലോകസഭാംഗം സുപ്രിയ സുലെയുടെ പിതൃസഹോദര പുത്രനുമാണ് അജിത് പവാർ. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനായി ഡൽഹിയിലായിരുന്ന ശരദ് പവാറും സുപ്രിയ സുലേയും ഉടൻ പുണെയിലേക്ക് തിരിക്കും.
അപകടത്തെ തുടർന്ന് വിമാനത്താവള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും മറ്റ് വിമാനങ്ങളുടെ വരവും പോക്കും വൈകിക്കുകയും ചെയ്തു. ഒരു സ്വകാര്യ ഓപ്പറേറ്ററാണ് ബാരാമതി വിമാനത്താവളം അടുത്തകാലം വരെ നടത്തിയിരുന്നത്. ഈയിടെയാണ് ഇതിന്റെ ചുമതല മഹാരാഷ്ട്ര വിമാനത്താവള വികസന കമ്പനിക്ക് കൈമാറി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കിട്ടുന്ന മുറയ്ക്ക് അപകടത്തിൻ്റെ യഥാർത്ഥ വിവരങ്ങൾ വ്യക്തമാകും.
