മൈനാഗപ്പള്ളി അപകടം: അജ്മൽ ഓടിച്ച കാർ സുഹൃത്തിൻ്റെ അമ്മയുടെ പേരിലുള്ളത് ; ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല, പിറ്റേന്ന് പുതുക്കി

Date:

കൊല്ലം : മൈനാഗപ്പള്ളി ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകട സമയം പ്രതി അജ്മൽ ഓടിച്ച കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അജ്മലിന്റെ സുഹൃത്തിൻ്റെ മാതാവിൻ്റെ പേരിലുള്ള KL Q 23 9347 എന്ന നമ്പർ കാറാണ് അപകടം വരുത്തിയത്. കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു.

എന്നാൽ അപകടം നടന്ന് തൊട്ടടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി. പതിനാറ് മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്. ഇതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് പുതുക്കിയതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിൽ നിന്നും പൊലീസ് വിവരം തേടിയിട്ടുണ്ട്. ഇതിനിടെ അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചിരുന്നു.

കേസിൽ ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതികളായ അജ്മലിനെയും സുഹൃത്ത് ഡോ. ശ്രീക്കുട്ടിയേയും 3 ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്ന് പൊലീസ് ആവശ്യപ്പെടും. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മനപ്പൂർവ്വമുള്ള നരഹത്യ കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

നേരത്തെ അജ്മലും ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നുവെന്ന വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചിരുന്നു. ഇരുവരും ഒരു സുഹൃത്തിൻ്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ ലഹരി വസ്തു വിറ്റതിനടക്കം കേസുണ്ട്. പ്രതികൾ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപകടത്തിന് പിന്നാലെ കാ‍ര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നും പ്രതി പറഞ്ഞു. പിന്നാലെയാണ് കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിൾ പൊലീസ് ശേഖരിച്ചത്.

കസ്റ്റഡിയിലുള്ള അജ്മല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് റൂറല്‍ എസ്.പി. സ്ഥിരീകരിച്ചു. ചന്ദനക്കടത്ത്, വഞ്ചനാക്കേസ് ഉള്‍പ്പെടെയുള്ളവയിൽ ഇയാള്‍ പ്രതിയാണെന്നും എസ്.പി. വ്യക്തമാക്കി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയിൽ വച്ചാണ് യുവ ഡോക്ടറെ അജ്മൽ പരിചയപ്പെടുന്നത്. തൻ്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന് മൊഴി നൽകി.

തിരുവോണ ദിവസമാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ ഇവരുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ അജ്മൽ കാര്‍ യുവതിയുടെ ശരീരത്തിലൂടെ ഓടിച്ചു പോകുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ കാർ മുന്നോട്ട് എടുക്കരുതെന്ന് പറഞ്ഞത് കേൾക്കാതെയാണ് വീണ് കിടന്ന യുവതിയുടെ ദേഹത്ത് കൂടി കാർ ഓടിച്ച് രണ്ടു പേരും കടന്ന് കളയാൻ ശ്രമിച്ചത്. ‘

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുബൈയിൽ പിൽസ് നീതിമേള ഇന്ന്

ദുബൈ : പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ...

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...

മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം. രാജ്യത്തെ ചലച്ചിത്ര...