വാഷിങ്ടൺ : ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിലൂടെയാണ് ഇത്തരം ആരോപണങ്ങൾ തെറ്റാണെന്നും അപകീർത്തികരമാണെന്നും അവർ വ്യക്തമാക്കിയത്.
“ജെഫ്രി എപ്‌സ്റ്റീനുമായി എന്നെ ബന്ധിപ്പിക്കുന്ന കള്ളങ്ങൾ ഇന്ന് ഇവിടെ അവസാനിക്കണം.” മെലാനിയ ട്രംപ് പറഞ്ഞു. എപ്‌സ്റ്റീനുമായോ അയാളുടെ പങ്കാളി ഘിസ്‌ലെയ്ൻ മാക്‌സ്‌വെല്ലുമായോ തനിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും മെലാനിയ കൂട്ടിച്ചേർത്തു. ന്യൂയോർക്കിലെയും പാം ബീച്ചിലെയും ചില പൊതു പരിപാടികളിൽ ഒരേ സമയം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതൊഴിച്ചാൽ എപ്‌സ്റ്റീനുമായി ഒരിക്കലും സൗഹൃദമുണ്ടായിട്ടില്ലെന്നും മെലാനിയ വ്യക്തമാക്കി.
എപ്‌സ്റ്റീൻ്റെ കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലോ അന്വേഷണ റിപ്പോർട്ടുകളിലോ തന്റെ പേര് ഒരിടത്തും പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മെലാനിയ, എഴുത്തുകാരനായ മൈക്കൽ വോൾഫിന്റെ പുതിയ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെയും അവർ തള്ളി. ജെഫ്രി എപ്‌സ്റ്റീനാണ് തന്നെ ഡോണൾഡ് ട്രംപിന് പരിചയപ്പെടുത്തിക്കൊടുത്തത് എന്ന വോൾഫിന്റെ വാദം മെലാനിയ നിഷേധിച്ചു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങൾക്കും പ്രസ്താവനകൾക്കുമെതിരെയും മെലാനിയ ജാഗ്രത നിർദ്ദേശം നൽകി. തന്നെ മോശമായി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ഇത്തരം വ്യാജ നിർമ്മിതികളെ വിശ്വസിക്കരുത് എന്ന് അവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അടിസ്ഥാനരഹിതമായ നുണകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ തുടരുമെന്നും ഇതിനകം തന്നെ ചില വ്യക്തികളും സംഘടനകളും മാപ്പ് പറയാൻ നിർബന്ധിതരായിട്ടുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസുമായി ബന്ധപ്പെട്ട് 2019-ൽ അറസ്റ്റിലായ ജെഫ്രി എപ്‌സ്റ്റീൻ അതേ വർഷം ജയിലിൽ വെച്ച് മരണപ്പെട്ടിരുന്നു. എപ്‌സ്റ്റീന്റെ മരണം ആത്മഹത്യയാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടെങ്കിലും ഇത് ഇപ്പോഴും വലിയ വിവാദങ്ങൾക്കും ദുരൂഹതകൾക്കും വഴിവെച്ചിട്ടുണ്ട്
