ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടാന്‍ പരിശ്രമിക്കുന്നുണ്ടെന്നും വളരെ സങ്കീര്‍ണ്ണമായ പ്രശ്നമായിട്ടും വിഷയത്തില്‍ സാദ്ധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കേസില്‍ കാന്തപുരം ഇടപെട്ടതായി ഒരു വിവരവുമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി രണ്‍ധിര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
”കേസില്‍ നിമിഷപ്രിയയ്ക്കായി നിയമസഹായം ഉറപ്പുവരുത്തി. കേസില്‍ അഭിഭാഷകനെയും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിരുന്നു. നിമിഷയെ കാണാന്‍ അവരുടെ കുടുംബാംഗങ്ങൾക്ക് അവസരമൊരുക്കി. പ്രാദേശിക സര്‍ക്കാരുമായും നിമിഷയുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഒത്തുതീര്‍പ്പിലൂടെ ഒരു പരിഹാരം കാണാനായുള്ള യോജിച്ചുള്ള നീക്കങ്ങളും നടത്തി. ഇതിനെ തുടര്‍ന്ന് യെമനിലെ പ്രാദേശിക ഭരണകൂടം വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ഇത് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കി.” – ജയ്സ്വാൾ പറഞ്ഞു.
വിഷയം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയാണെന്നും സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. നിമിഷപ്രിയയ്ക്ക് വേണ്ടി മേഖലയിലെ സുഹൃദ് രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.