കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് യാത്രാമൊഴി നല്‍കി നാട്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോൾ സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം വൈകിട്ട് അഞ്ച് മണിയോടെ സംസ്ക്കരിക്കും. തുർക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ ഇന്ന് രാവിലെയാണ് നാട്ടിലെത്തിയത്.
മിഥുൻ്റെ കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കുന്ന കാര്യം സ്‌കൂള്‍ മാനേജ്‌മെന്റ് പരിഗണിക്കണമെന്ന് ശിവന്‍കുട്ടി പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രാഥമികമായി കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പിന്നീട് വിശദമായ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വേണ്ട ധനസഹായ തുക കൈമാറുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയു. ഇന്നലെ വ്യക്തമാക്കിയിരുന്നു
ഇന്നലെ മിഥുന്റെ വീട്ടിലെത്തി അച്ഛനെയും സഹോദരനെയും കുടുംബാംഗങ്ങളെയും കണ്ട് ആശ്വസിപ്പിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സർക്കാർ ഒപ്പമുണ്ടെന്നും സാദ്ധ്യമായ എല്ലാ സഹായവും കുടുംബത്തിന് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മുഖേന മിഥുന്റെ കുടുംബത്തിന് വീട് വെച്ച് നൽകും. ഇളയ കുട്ടിക്ക് പന്ത്രണ്ടാം ക്ലാസ്സു വരെ പരീക്ഷാ ഫീസ് അടക്കമുള്ള കാര്യങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസം നൽകും. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കാര്യാലയത്തിൽ നിന്നും പ്രത്യേക ഉത്തരവ് ഇറക്കുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പി.ഡി. അക്കൗണ്ടിൽ നിന്നും മിഥുന്റെ കുടുംബത്തിന് അടിയന്തിരമായി മൂന്ന് ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.