മുംബൈ : മുംബൈയിൽ പെയ്ത കനത്ത മഴയിൽ മോണോറെയിൽ തകരാറിലായി 500-ലധികം യാത്രക്കാർ കുടുങ്ങി. ഉയർന്ന ട്രാക്കിലൂടെ ഓടുന്ന ട്രെയിൻ രണ്ട് മണിക്കൂറിലധികമാണ് വഴിമുടക്കിയത്. മൈസൂർ കോളനിക്കും ഭക്തി പാർക്ക് സ്റ്റേഷനുകൾക്കുമിടയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെ വൈകുന്നേരം 6:15 ഓടെയാണ് സാങ്കേതിക തകരാർ സംഭവിച്ചത്. അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും ക്രെയിനുകൾ ഉപയോഗിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. മോണോറെയിലിനുള്ളിൽ കുടുങ്ങിയ 582 യാത്രക്കാരെയും നാല് മണിക്കൂറിനുശേഷമാണ് രക്ഷപ്പെടുത്തിയത്.
“വൈകുന്നേരം 5:30 മുതൽ ഞാൻ ട്രെയിനിൽ ഉണ്ടായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ട്രെയിനിൽ കുറഞ്ഞത് 500 യാത്രക്കാരെങ്കിലും ഉണ്ടായിരുന്നു. 30 മിനിറ്റ് ഇടവേളയ്ക്ക് ശേഷമാണ് ഈ ട്രെയിൻ എത്തിയത്, അതിനാൽ ട്രെയിൻ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു.” രക്ഷപ്പെട്ട ഒരു യാത്രക്കാരൻ ANI യോട് പറഞ്ഞു.
ചെമ്പൂരിനും ഭക്തി പാർക്കിനും ഇടയിൽ വൈദ്യുതി തകരാർ മൂലം മോണോറെയിൽ തകരാറിലായപ്പോൾ തിരക്ക് കൂടുതലായിരുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ ഉടനടി നടത്തിയതായും മിക്കവാറും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
എംഎംആർഡിഎ കമ്മീഷണർ, മുനിസിപ്പൽ കമ്മീഷണർ, പോലീസ്, ബന്ധപ്പെട്ട എല്ലാ ഏജൻസികൾ എന്നിവരുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
“എന്തോ സാങ്കേതിക കാരണങ്ങളാൽ, ചെമ്പൂരിനും ഭക്തി പാർക്കിനും ഇടയിൽ ഒരു മോണോറെയിൽ കുടുങ്ങിക്കിടക്കുകയാണ്. എംഎംആർഡിഎ, അഗ്നിശമന സേന, മുനിസിപ്പൽ കോർപ്പറേഷൻ, എല്ലാ ഏജൻസികളും സ്ഥലത്തെത്തിയിട്ടുണ്ട്. എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്. അതിനാൽ ആരും വിഷമിക്കേണ്ടതോ പരിഭ്രാന്തരാകേണ്ടതോ ഇല്ല. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കും. എല്ലാവരും ക്ഷമയോടെയിരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. എംഎംആർഡിഎ കമ്മീഷണർ, മുനിസിപ്പൽ കമ്മീഷണർ, പോലീസ്, ബന്ധപ്പെട്ട എല്ലാ ഏജൻസികൾ എന്നിവരുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ സംഭവം ഉണ്ടായതെന്ന് അന്വേഷിക്കും,” ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.
മോണോറെയിലിൽ നിന്ന് രക്ഷപ്പെടുത്തിയ യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.