മുംബൈ : വിവാദമായ മലേഗാവ് ബോംബ് സ്ഫോടനക്കേസില്‍ ഏഴുപ്രതികളെയും വെറുതെവിട്ട് മുംബൈ എന്‍ഐഎ പ്രത്യേക കോടതി.
ബിജെപി നേതാവും മുന്‍ എംപിയുമായ പ്രജ്ഞാസിങ് ഠാക്കൂര്‍, മുൻ സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത്, വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് എന്‍ഐഎ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്.
ശക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എ.കെ. ലഹോട്ടി പ്രതികളെ വെറുതേവിട്ടത്. പ്രതികൾക്കെതിരായ ആരോപണങ്ങൾ സംശയാതീതമായി സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം വാദിച്ചു. ഭീകരതയ്ക്ക് മതമില്ലെന്നും ഒരു മതത്തിനും അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. “സമൂഹത്തിനെതിരായ ഗുരുതരമായ ഒരു സംഭവം നടന്നിട്ടുണ്ട്. എന്നാൽ ധാർമ്മികതയുടെ പേരിൽ മാത്രം കോടതിക്ക് ശിക്ഷ വിധിക്കാൻ കഴിയില്ല,” ജഡ്ജി വ്യക്തമാക്കി.
2008 സെപ്റ്റംബർ 29 ന് മുസ്ലീം ജനസംഖ്യ കൂടുതലുള്ള ഒരു പട്ടണമായ മാലേഗാവിൽ മോട്ടോർ സൈക്കിളിൽ (എൽഎംഎൽ ഫ്രീഡം ബൈക്ക്) ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുണ്യമാസമായ റംസാൻ മാസത്തിലാണ് സ്ഫോടനം നടന്നത്.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് കേസ് ആദ്യം അന്വേഷിച്ചത്, 2011 ൽ എൻഐഎയ്ക്ക് കൈമാറി. അഭിനവ് ഭാരത് എന്ന സംഘടനയുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണ് സ്ഫോടനമെന്ന് എടിഎസ് ആരോപിച്ചിരുന്നു.
2008 ൽ അറസ്റ്റിലായ പ്രജ്ഞാ സിങ് താക്കൂർ സ്ഫോടനത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയാണെന്ന് എടിഎസ് അവകാശപ്പെട്ടിരുന്നു. മിലിട്ടറി ഇന്റലിജൻസിൽ നിയമിതനായ അന്നത്തെ ആർമി ഓഫീസറായിരുന്ന ലെഫ്റ്റനന്റ് കേണൽ പുരോഹിത് സ്ഫോടകവസ്തുക്കൾ ക്രമീകരിക്കാൻ സഹായിച്ചുവെന്നും അഭിനവ് ഭാരതിന്റെ യോഗങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും അവകാശപ്പെട്ടു.
എന്നാൽ,പുരോഹിത് ആർഡിഎക്സ് കൊണ്ടുവന്ന് ബോംബ് ഉണ്ടാക്കിയതിന് തെളിവില്ലെന്നാണ് വ്യാഴാഴ്ച കോടതിയുടെ നിഗമനം. . വാഹനത്തിന്റെ ഉടമ പ്രജ്ഞാ സിങ് താക്കൂർ ആണെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും ജഡ്ജി ലഹോട്ടി പറഞ്ഞു. അഭിനവ് ഭാരത് ഏതെങ്കിലും “ഭീകര പ്രവർത്തനത്തിൽ” ഉൾപ്പെട്ടിട്ടുണ്ടെന്നതിന് തെളിവില്ലെന്ന് പറഞ്ഞുകൊണ്ട് കോടതി കുറ്റവിമുക്തനാക്കി. 2006-ലെ മുംബൈ സ്ഫോടന പരമ്പരയുടെ പ്രതികാരമായി മുസ്ലീം ഭൂരിപക്ഷമേഖലകള്‍ ലക്ഷ്യമിട്ട് വലിയ ഗൂഢാലോചനയാണ് പ്രതികളുടെ നേതൃത്വത്തില്‍ നടന്നതെന്നും എടിഎസ് പറഞ്ഞിരുന്നു.