(Photo Courtesy : X)
ചെന്നൈ : വടക്കൻ ചെന്നൈയിൽ എന്നൂർ തെർമൽ പവർ സ്റ്റേഷന്റെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ 9 തൊഴിലാളികൾ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും പറയുന്നു.
നിർമ്മാണത്തിലിരുന്ന കമാനം തകർന്നുവീണാണ് അപകടം. ഏകദേശം 30 അടി ഉയരത്തിൽ നിന്ന് വീണ കമാനം ഇതരസംസ്ഥാന തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി. വളരെ സാഹസികമായാണ് അവരിൽ പലരെയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റ എല്ലാവരെയും വടക്കൻ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പോലീസും ഭരണകൂടവും ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിലാണ്. അപകടകാരണം അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. അശ്രദ്ധ കണ്ടെത്തിയാൽ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രാദേശിക ഭരണകൂടം പറയുന്നു.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആവഡി പോലീസ് കമ്മീഷണറേറ്റ് അറിയിച്ചത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് വൈദ്യുതി ബോർഡ് സെക്രട്ടറിയും തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് (TANGEDCO) ചെയർമാനുമായ ഡോ. ജെ രാധാകൃഷ്ണൻ സ്റ്റാൻലി സർക്കാർ ആശുപത്രിയിലെത്തി പരിക്കേറ്റ തൊഴിലാളികളെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.