പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. നിപ്പ സ്ഥിരീകരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. കണ്ടൈയ്ൻമെന്റ് സോണുകൾ ഉടൻ പ്രഖ്യാപിക്കും. മരിച്ച പാലക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകി.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച പാലക്കാട് കുമരംപുത്തൂർ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചതായി ഇന്നലെ രാത്രി റിപ്പോർട്ട് വന്നത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.
മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സ ഉറപ്പാക്കിയത്. ശനിയാഴ്ച അഞ്ചുമണിയോടെയാണ് മരണം സ്ഥിരികരിച്ചത്.
