തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത് ജപ്തിഭീഷണി നേരിടുന്ന സാധാരണക്കാർക്ക് സംരക്ഷണം നൽകുന്ന കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കേരള നിയമസഭ പാസാക്കി. ഏക കിടപ്പാടം പണയപ്പെടുത്തി വായ്‌പ എടുക്കുകയും ജാമ്യം നിൽക്കുകയും ചെയ്‌തവരിൽ ബോധപൂർവ്വമല്ലാതെ തിരിച്ചടവ് മുടങ്ങി കിടപ്പാടം നഷ്‌ടപ്പെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി സംരക്ഷണം ലഭിക്കുന്നതാണ് ബിൽ. നിയമസഭയിൽ മന്ത്രി പി രാജീവ് അവതരിപ്പിച്ച ബിൽ ഗവർണർ ഒപ്പിടുന്നതോടെ നിയമമാകും.
ബില്ലിലെ നിബന്ധനകൾ
വായ്പാ തുക അഞ്ച് ലക്ഷം രൂപയിൽ താഴെയാകണം.
പിഴപ്പലിശയും ചെലവുകളുമടക്കം ആകെ തിരിച്ചടവ് തുക പത്ത് ലക്ഷം കവിയരുത്.
കടമെടുത്തയാൾക്കും കുടുംബത്തിനും മറ്റ് വസ്തുവകകൾ ഉണ്ടാകരുത്.
കടമെടുത്തയാൾക്കും കുടുംബത്തിനുമായി നഗരസഭാ പരിധിയിൽ പരമാവധി 5 സെൻ്റും പഞ്ചായത്ത് പ്രദേശത്ത് 10 സെൻ്റിലും അധികം ഭൂമി ഉണ്ടാകരുത്.
കടമെടുത്തയാളിനും കുടുംബത്തിനും വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്.
വായ്പയെടുത്ത ശേഷം കടമെടുത്തയാളോ കുടുംബാംഗങ്ങളോ മറ്റ് വസ്തുവകകൾ കൈമാറ്റം ചെയ്തിരിക്കാൻ പാടില്ല.
ആനുകൂല്യം നേടേണ്ടയാൾ ആധാർ എടുത്തിരിക്കണം.
വിദ്യാഭ്യാസം, ചികിത്സ, വിവാഹം, ഭവന നിർമ്മാണം, ഭവന നവീകരണം, കൃഷി, സ്വയം തൊഴിൽ വായ്പകളാണെങ്കിൽ മാത്രമേ ആനുകൂല്യം ലഭിക്കൂ.
ഒന്നിൽ കൂടുതൽ തവണ ആനുകൂല്യം ലഭിക്കില്ല.
ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾക്ക് അധികാരം കൊടുക്കുന്ന സർഫാസി നിയമം കേന്ദ്രനിയമമായതിനാൽ അതിനെ മറികടക്കാനാകില്ല. ബദലായി ജില്ലാതല, സംസ്ഥാനതല സമിതികൾ രൂപീകരിക്കും. കടമെടുത്തയാൾക്ക് ജില്ലാ സമിതിയിൽ അപേക്ഷ നൽകാം. സമിതി ധനകാര്യസ്ഥാപനവുമായി അനുരഞ്ജനശ്രമം നടത്തി തിരിച്ചടവ് പുനഃക്രമീകരിക്കാൻ ഇടപെടും. വിജയിച്ചില്ലേൽ, തിരിച്ചടവ് തുക പൂർണ്ണമായോ ഭാഗികമായോ സർക്കാർ ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള ശുപാർശകൾ നൽകും. ശുപാര്‍ശ സംസ്ഥാന സമിതി അംഗീകരിച്ചശേഷമാണ് ധനകാര്യ സ്ഥാപനത്തിലേക്ക് തുക കൈമാറുക.
രാജ്യചരിത്രത്തിൽ ആദ്യമായാണ് ഏക കിടപ്പാടം ബിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഭവനം മനുഷ്യന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ച സർക്കാരാണിത്. അതാണ് ലൈഫിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
