ന്യൂഡൽഹി : രാജ്യത്തെ 140 കോടി ജനങ്ങൾക്കും അഭിമാനത്തിന്റെ ഉത്സവവും സ്വപ്ന സാക്ഷാത്ക്കാരവുമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
79ാം സ്വാതന്ത്ര്യദിന ആഘോഷത്തിൻ്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്ന് ഓർമ്മിപ്പിച്ച് ഭരണഘടന ശിൽപികൾക്ക് ആദരം അർപ്പിച്ച മോദി ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് സല്യൂട്ട് നൽകുന്നുവെന്നും അറിയിച്ചു.
“ഭരണഘടന 75 വർഷമായി പ്രകാശം ചൊരിയുകയാണ്. രാജ്യത്തിന്റെ ഭരണഘടന ശിൽപ്പികൾക്ക് ആദരം അർപ്പിക്കുകയാണ്. ഭരണഘടനയാണ് ഈ രാജ്യത്തിന്റെ വഴികാട്ടി. ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശം.”
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് സല്യൂട്ട് നൽകുന്നുവെന്നറിയിച്ച പ്രധാനമന്ത്രി പഹൽഗാമിൽ ഭീകരവാദികൾ ഭാര്യമാരുടെ മുന്നിൽ വെച്ച് ഭർത്താക്കന്മാരെ കൊലപ്പെടുത്തിയതിന് നമ്മുടെ സൈന്യം ഓപ്പറേഷൻ സിന്ദൂറിലൂടെ ചുട്ട മറുപടി നൽകിയെന്നും പറഞ്ഞു.
പാക്കിസ്ഥാൻ തീവ്രവാദികളെ സൈന്യം തകർത്തു. ആണവായുധം കാട്ടി ഇന്ത്യയെ വിരട്ടേണ്ടെന്നും പ്രധാനമന്ത്രി. “ആണവ ഭീഷണി വിലപ്പോകില്ല. സിന്ധുനദി ജലകരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. “
“രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു. ” – ഇന്ത്യയുടെ ആണവശേഷി ഇന്ന് പത്തിരട്ടി വർദ്ധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്. സ്വാതന്ത്ര്യദിന
ആഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തുമായി 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000
ട്രാഫിക് പോലീസിനെയും നിയോഗിച്ചു. നഗരത്തിലുടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയിൽവെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന ശക്തമാക്കി.