മെയിൻ : അമേരിക്കയിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഞ്ഞ് മൂടി നിന്ന റൺവേയിൽ ടേക്ക് ഓഫ് ശ്രമത്തിനിടെ ചാർട്ടർ വിമാനം തകർന്ന് 8 പേർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ മെയിനിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. എട്ട് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോംബാർഡിയർ ചലഞ്ചർ 600 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആർനോൾഡ് & ഇറ്റ്കിൻ ലോ ഗ്രൂപ്പിൻ്റേതാണ് വിമാനം. 11 പേർക്ക് വരെ സഞ്ചരിക്കാവുന്ന വിശാലമായ വിമാനം ചാർട്ടേഡ് വിമാന സർവ്വീസുകാരുടെ പ്രിയപ്പെട്ട വിമാനമായാണ് അറിയപ്പെടുന്നത്. പ്രമുഖ ഐസിഇ വിരുദ്ധ / ട്രംപ് വിരുദ്ധ അഭിഭാഷകരുടെ സ്വകാര്യ ജെറ്റ് ആണ് അപകടത്തിൽ പെട്ടതെന്ന റിപ്പോർട്ടുണ്ട്.

ചൊവ്വാഴ്ച വരെ അതിശക്തമായ ഹിമക്കാറ്റും മഞ്ഞുവീഴ്ചയും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സംസ്ഥാനത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് ശ്രമിക്കുമ്പോൾ കാഴ്ചാ പരിമിതിയേക്കുറിച്ച് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനോട് പരാതിപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വിമാനം റൺവേയിലേക്ക് ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞ് തീപ്പിടിച്ചത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വിവരം അധികൃതർ പുറത്ത് വിട്ടിട്ടില്ല. വിമാനത്താവളത്തിൽ കാഴ്ചാപരിമിതി നേരിടുന്നത് ടേക്ക് ഓഫിനും ലാൻഡിംഗിനും വെല്ലുവിളി സൃഷ്ടിക്കുന്നതായി പൈലറ്റുമാർ നേരത്തെ പരാതിപ്പെട്ടിരുന്നു.
അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഞായറാഴ്ച കനത്ത മഞ്ഞിൽ അമേരിക്കയിൽ 5500 ലേറെ വിമാന സർവ്വീസാണ് വൈകിയത്. 11000ത്തോളം സർവ്വീസുകൾ റദ്ദാക്കേണ്ടിയും വന്നിരുന്നു. ഫിലാഡെൽഫിയ, വാഷിംഗ്ടൺ ഡിസി, ബാൾട്ടിമോർ, നോർത്ത് കരോലിന, ന്യൂ യോർക്ക്, ന്യൂ ജേഴ്സി അടക്കമുള്ള വിമാനത്താവളങ്ങളുടെ പ്രവർത്തനം മഞ്ഞുവീഴ്ചയിൽ സാരമായി ബാധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ കനത്ത മഞ്ഞുവീഴ്ചാ മുന്നറിയിപ്പ് മെയിനിൽ നിലനിൽക്കെയാണ് ഈ ദാരുണ അപകടം. അമേരിക്കയുടെ പല ഭാഗങ്ങളിലുമുള്ള ശക്തമായ മഞ്ഞുവീഴ്ചയിൽ 22 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകൾ വൈദ്യുതി പോലുമില്ലാത്ത അവസ്ഥയിലാണ്.
