കൊളംബോ: ക്രിക്കറ്റ് കളത്തിലേക്ക് അതിവേഗം രാഷ്ട്രീയം നുഴഞ്ഞുകയറുകയാണ്. കായികരംഗം ഇത്തരത്തിൽ മാറുന്നത് ദൗർഭാഗ്യകരമാണെന്ന പൊതുവികാരം നിലനിൽക്കെ, ഏറ്റവും ഒടുവിൽ
വ്യാഴാഴ്ച പാക്കിസ്ഥാൻ ബംഗ്ലാദേശ് വനിതാ ലോകകപ്പ്
മത്സരത്തിനിടെ പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ സന മിർ നടത്തിയ പ്രസ്താവനയും വിവാദത്തിന് വഴിവെച്ചു. മത്സരത്തിന്റെ കമന്റേറ്ററായ സന മിർ പാക്കിസ്ഥാൻ താരം നതാലിയ പർവേസിനെ
പരാമർശിക്കവെ ‘ആസാദി കശ്മീരിൽ നിന്നുള്ള കളിക്കാരി’ എന്നു വിശേഷിപ്പിച്ചതാണ് വിവാദമായത്.
29 കാരിയായ നതാലിയ പാക് അധീന കശ്മീരിലെ ബൻഡല സ്വദേശിയാണ്. സനയുടെ പരാമർശത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. അവരെ കമന്ററി പാനലിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്.
എന്നാൽ, തന്റെ ഹൃദയത്തിൽ ഒരു ദുരുദ്ദേശ്യമോ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യമോ ഉണ്ടായിരുന്നില്ലെന്നും അതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും സന മിർ പറയുന്നു. എക്സി’ലെ കുറിപ്പിനോടൊപ്പം കളിക്കാരെക്കുറിച്ച് തനിക്ക് റഫറൻസ് ആയി ലഭിച്ച സ്ക്രീൻഷോട്ടും സന മിർ പങ്കുവെച്ചിട്ടുണ്ട്.
“പാക്കിസ്ഥാനിലെ ഒരു പ്രത്യേക പ്രദേശത്ത് നിന്ന് വരുന്നതിലൂടെ അവർ നേരിട്ട വെല്ലുവിളികളെയും അവരുടെ അവിശ്വസനീയമായ യാത്രയെയും എടുത്തുകാണിക്കാൻ മാത്രമായിരുന്നു. കമന്റേറ്റർമാരായി ഞങ്ങൾ കളിക്കാർ എവിടെ നിന്നാണ് വരുന്നതെന്ന് പറയുന്നതിന്റെ ഭാഗമാണിത്. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മറ്റ് രണ്ട് കളിക്കാർക്കും വേണ്ടിയും ഞാൻ ഇന്ന് അങ്ങനെ ചെയ്തു. ദയവായി അതിനെ രാഷ്ട്രീയവൽക്കരിക്കരുത്. വേൾഡ് ഫീഡിലെ ഒരു കമന്റേറ്റർ എന്ന നിലയിൽ, കായികരംഗത്തും ടീമുകളിലും കളിക്കാരിലും ശ്രദ്ധ കേന്ദ്രീകരിക്കണം, ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രചോദനാത്മകമായ കഥകൾ എടുത്തുകാണിക്കണം. എന്റെ ഹൃദയത്തിൽ ഒരു ദുരുദ്ദേശ്യമോ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യമോ ഇല്ല.” – സന മിർ എക്സിൽ കുറിച്ചു.