(Photo Courtesy : X)
ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ യു എസ് എംബസിയിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ വ്യാപക അക്രമം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണമുണ്ടായി. തലസ്ഥാനമായ ഇസ്ലാമാബാദിലേക്കുള്ള പ്രധാന റോഡുകൾ സുരക്ഷാ സേന ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു. മൊബൈൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവെച്ചു.
ഗാസയിലെ കൊലപാതകങ്ങളിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച തീവ്ര വലതുപക്ഷ ഗ്രൂപ്പായ തെഹ്രീക്-ഇ-ലബ്ബായിക് പാക്കിസ്ഥാൻ (ടിഎൽപി) യിലെ ലക്ഷക്കണക്കിന് അംഗങ്ങൾ ഇസ്ലാമാബാദിലെ യുഎസ് എംബസിയിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചത്. ലാഹോറിൽ പോലീസ് ഉദ്യോഗസ്ഥർ മാർച്ച് തടഞ്ഞു. ഇത് ടിഎൽപി അംഗങ്ങളുമായി വലിയ ഏറ്റുമുട്ടലിലേക്കാണ് നയിച്ചത്. തുടർന്ന് പ്രവർത്തകർ അക്രമാസക്തരാവുകയായിരുന്നു.
ലാഹോറിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകളെ തുടർന്നാണ് ഇസ്ലാമാബാദിൽ സുരക്ഷാ നടപടികൾ സ്വീകരിച്ചത്. ടിഎൽപി തങ്ങളുടെ രണ്ട് അംഗങ്ങൾ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. എന്നാൽ ഒരാൾ മാത്രമാണ് മരിച്ചതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞതായി കറാച്ചി ആസ്ഥാനമായുള്ള ഡോൺ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാനിലുടനീളം പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ ഇസ്ലാമാബാദിലെ യുഎസ് എംബസിയും ലാഹോർ, കറാച്ചി, പെഷവാർ എന്നിവിടങ്ങളിലെ അമേരിക്കൻ കോൺസുലേറ്റുകളും തങ്ങളുടെ ഉദ്യോഗസ്ഥർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലാഹോർ പോലീസുമായുള്ള ഏറ്റുമുട്ടലിനുശേഷം, വെള്ളിയാഴ്ച അന്തിമ ചർച്ചക്കായി ലാഹോറിൽ ഒത്തുകൂടാൻ ടിഎൽപി തങ്ങളുടെ അനുയായികളോട് ആഹ്വാനം ചെയ്തതായി ഡോൺ റിപ്പോർട്ട് ചെയ്തു.
തെഹ്‌രീക്-ഇ-ലബൈക് യാ റസൂൽ അല്ലാഹ് (TLYR) എന്ന മതരാഷ്ട്രീയ ഗ്രൂപ്പിന്റെ രാഷ്ട്രീയ വിഭാഗമായ തീവ്ര വലതുപക്ഷ ടിഎൽപി, പലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് മാർച്ചിന് ആഹ്വാനം ചെയ്തത്.
ഇസ്ലാമാബാദിലെ റെഡ് സോണിലെ യുഎസ് എംബസിയിലേക്കായിരുന്നു മാർച്ച് പദ്ധതിയിട്ടിരുന്നത്. നയതന്ത്ര ദൗത്യങ്ങളും പ്രധാന സർക്കാർ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഒരു ഉന്നത സ്ഥലമാണിത്. മുൻകൂട്ടി, അധികൃതർ റെഡ് സോൺ അടച്ചുപൂട്ടി നഗരത്തിന്റെ പ്രവേശന സ്ഥലങ്ങളിൽ കണ്ടെയ്‌നറുകൾ സ്ഥാപിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധക്കാരുടെ ആശയവിനിമയം തടയാനായി ഇസ്ലാമാബാദിലെ ആഭ്യന്തര മന്ത്രാലയം പാക്കിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയോട് (പിടിഎ) ഇസ്ലാമാബാദ്, റാവൽപിണ്ടി നഗരങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കാൻ നിർദ്ദേശിച്ചു. ഇസ്ലാമാബാദിലെ പ്രധാന ഇന്റർചേഞ്ചായ ഫൈസാബാദും അറിയപ്പെടുന്ന ടിഎൽപി പ്രതിഷേധ സ്ഥലവും ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിട്ടിരിക്കുകയാണെന്നും മുരി റോഡിലുള്ള ഹോട്ടലുകളോട് ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ജിയോ ടിവിയോട് വൃത്തങ്ങൾ പറഞ്ഞു. ടിഎൽപിയുടെ പ്രകടനം സമാധാനപരമായിരിക്കില്ലെന്ന് സർക്കാർ ഭയപ്പെടുന്നുവെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. ഗാസ സംഘർഷത്തെ ആഭ്യന്തര കലാപം സൃഷ്ടിക്കാൻ ഈ സംഘം ഉപയോഗപ്പെടുത്തുകയാണെന്ന് ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി ആരോപിച്ചു.