ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ഏകീകരണ പ്രതികരണം തേടാൻ ഒത്തുകൂടിയ അറബ് – ഇസ്ലാമിക് ഉച്ചകോടി ആക്രമണത്തെ നേരിടാൻ മുസ്ലീം ലോകം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന വ്യക്തമായ സന്ദേശം വിളിച്ചോതുന്ന സുപ്രധാന സമ്മേളനമായി മാറി.
ഇതിന് അടിവരയിടുന്ന നിർണായക നിർദ്ദേശമാണ് ഇറാഖിൻ്റെ ഭാഗത്തു നിന്നുണ്ടായത്. അറബ് -ഇസ്ലാമിക് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണം ഉണ്ടായാൽ അത് എല്ലാവർക്കും എതിരെയുള്ളതായി കണക്കാക്കണമെന്ന നിർദ്ദേശമാണ് ഇറാഖ് പങ്കുവെച്ചത്

അന്താരാഷ്ട്ര സമൂഹം നിശബ്ദരായി ഇരിക്കരുതെന്ന് അറബ് ലീഗ് പ്രതികരിച്ചു. വെടിനിർത്താലിന് താല്പര്യമില്ലെന്ന് ഇസ്രായേൽ തെളിയിച്ചതായി ഈജിപ്ത് അഭിപ്രായപ്പെട്ടു. ഇസ്രായേലിന് വ്യക്തവും ശക്തവുമായ മറുപടി നൽകണമെന്ന് ജോർദ്ദാൻ രാജാവ് അറിയിച്ചു.
അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേലിനെ പുറത്താക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കലാണ് പരിഹാരമെന്ന് ഈജിപ്ത്. ഇസ്രായേലിനെ നേരിടാൻ ഒന്നിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പറഞ്ഞു.

പ്രതിരോധ രംഗത്തെ ശേഷി പങ്കുവെയ്ക്കാൻ തയ്യാറെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. സഹോദര രാഷ്ട്രങ്ങൾക്ക് തുർക്കി പ്രതിരോധ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തികമായും ഇസ്രായേലിന് പ്രത്യാഘാതങ്ങൾ നൽകണമെന്ന് തുർക്കി കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന് മേൽ ഉപരോധങ്ങൾ ശക്തമാക്കാൻ ഇടപെടൽ വേണമെന്ന് തുർക്കി പ്രസിഡന്റ് ഉച്ചകോടിയില്‍ പറഞ്ഞു.
അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി. സിറിയൻ പ്രസിഡന്റുമായും സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. ഡോണൾഡ് ട്രംപിന് ഒപ്പമായിരുന്നു ഇതിന് മുൻപ് ഇരു നേതാക്കളും.