തിരുവനന്തപുരം: ലൈംഗികാരോപണത്തിൽ വിവാദത്തിലായ രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് എം.എൽ.എ. സ്ഥാനം രാജിവെപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് കോൺഗ്രസ് എന്നറിയുന്നു. പകരം, പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് നിർത്തി തൽക്കാലം വിവാദങ്ങളിൽ നിന്ന് തലയൂരുക എന്നതാണ് ലക്ഷ്യം. രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് സാദ്ധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി എന്നതിലേക്കെത്തിയതെന്നും സൂചനയുണ്ട്.
അതേസമയം, രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗവും പ്രത്യേകിച്ച് ഉമാ തോമസിനെയും ഷാനിമോൾ ഉസ്മാനേയും പോലുള്ള വനിതാ നേതാക്കളും ആവശ്യപ്പെടുന്നത്. ഇത്തരം സ്വഭാവവൈകല്യമുളളവർ പാർട്ടിക്ക് പുറത്തു പോകണമെന്ന ആവശ്യം വരെ ഉയർത്തിക്കഴിഞ്ഞു.
എന്നാൽ, രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനും പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റിനിർത്താനുമുള്ള തീരുമാനത്തിലാണ് കെപിസിസി എന്നറിയുന്നു. സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കാതെ രാഹുലിനെ അവധിയെടുപ്പിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. സംസ്ഥാനത്തുതന്നെ തീരുമാനമെടുക്കാൻ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതോടെ സംസ്ഥാന രാഷ്ട്രീയകാര്യസമിതിയില്‍പ്പെട്ട നേതാക്കള്‍ തമ്മിലാണ് തിരക്കിട്ട ചർച്ച. തിങ്കളാഴ്ചയോടെ വ്യക്തമായ നിലപാടെടുക്കാനാണ് ശ്രമം.