തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. യുവതി നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസിൽ താൻ നിരപരാധിയാണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.
വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നല്‍കിയത്. ക്രൂരമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിന്‍കര ജെഎഫ്‌സിഎം 7 കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു ഫ്‌ളാറ്റില്‍ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.
പരാതിക്കാരി നൽകിയ മൊഴിയിൽ രാഹുൽ ഗർഭച്ഛിദ്രം നടത്താനായി ഭീഷണിപ്പെടുത്തിയതായി പറയുന്നു. കൂടാതെ, ഗർഭച്ഛിദ്രം നടത്താനായി ഗുളിക കഴിച്ചു എന്നത് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കി എന്നും മൊഴിയിലുണ്ട്. മരുന്ന് എത്തിച്ചുനൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഗുളിക കഴിച്ച ശേഷം തനിക്ക് ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പോലീസിനോട് പറഞ്ഞു. ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയും ഡോക്റെയും പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
ഇതിനിടെ രാഹുലിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ്. രാഹുൽ മാങ്കൂട്ടത്തലിന്റെയും ഏറ്റവും അടുപ്പമുള്ള പ്രവർത്തകരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എല്ലാ തരത്തിലുമുള്ള പൊതുബന്ധങ്ങളും വിഛേദിച്ചിരിക്കുകയാണ്. രാഹുലിൻ്റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരി ജോബി ജോസഫിന് വേണ്ടിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇയാളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണർക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.
ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരമാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഏതെങ്കിലും വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടാനുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
