ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകർപ്പൻ വിജയം. സൺറൈസേഴ്‌സ് ഹൈദരാബാദിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി രണ്ടാം കിരീടത്തിലേക്കുള്ള ആദ്യ ചുവടുവെച്ചു ആർസിബി. ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരം തന്നെ ആവേശകരമായിരുന്നു. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി വെറും 15.4 ഓവറിൽ വിജയം നേടി. ആർസിബിക്കായി വിരാട് കോഹ്‌ലി 69 റൺസും ദേവ്ദത്ത് പടിക്കൽ 61 റൺസും നേടി.

ഹൈദരബാദ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ആർസിബിയുടെ തുടക്കം മോശമായെങ്കിലും പിന്നീടങ്ങോട്ട് കത്തികയറുകയായിരുന്നു. ഫിൽ സാൾട്ടിനെ (8 റൺസ്) നഷ്ടമായപ്പോൾ ക്രീസിലെത്തിയ ഇംപാക്റ്റ് സബ് ദേവ്ദത്ത് പടിക്കലും വിരാട് കോഹ്‌ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 101 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് ആർസിബിയെ മുന്നോട്ട് നയിച്ചു. 21 പന്തിൽ നിന്ന് അർദ്ധശതകം തികച്ച ദേവ്ദത്ത് 26 പന്തിൽ നിന്ന് 7 ഫോറുകളും 4 സിക്സറുകളും ഉൾപ്പെടെ 61 റൺസ് നേടി. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ രജത് പട്ടീദറും വിരാട് കോഹ്‌ലിയും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു.12 പന്തിൽ നിന്ന് രണ്ട് ഫോറുകളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 31 റൺസാണ് പട്ടീദർ നേടിയത്. പിന്നീട് വന്ന ജിതേഷ് ശർമ്മ റണ്ണൊന്നുമെടുക്കാതെ പുറത്തായെങ്കിലും വിരാട് കോഹ്‌ലിയും ടിം ഡേവിഡും ആർസിബിയെ വിജയത്തിലേക്ക് നയിച്ചു. കോഹ്‌ലി 38 പന്തിൽ നിന്ന് അഞ്ച് ഫോറുകളും അഞ്ച് സിക്‌സറുകളും ഉൾപ്പെടെ 69 റൺസുമായും ഡേവിഡ് 16 റൺസുമായും പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് 9 വിക്കറ്റിന് 201 റൺസാണ് നേടിയത്. സൺറൈസേഴ്‌സ് ഹൈദരാബാദിനും തുടക്കം മോശമായിരുന്നു. 18 റൺസിൽ അഭിഷേക് ശർമ്മയെ നഷ്ടമായി. തുടർന്ന് മറ്റൊരു ഓപ്പണറായ ട്രാവിസ് ഹെഡ് (11 റൺസ്) നിതീഷ് റെഡ്ഡി (1 റൺസ്) എന്നിവരും കൂടാരം കയറി. നിതീഷ് പുറത്താകുമ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദ് 29/3 എന്ന നിലയിലായിരുന്നു. പിന്നീട്
നായകനായി അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷന്‍റെ തകർപ്പൻ അർദ്ധസെഞ്ചുറിയും അവസാന ഓവറുകളിൽ അനികേത് വർമ്മ നടത്തിയ വെടിക്കെട്ടുമാണ് സൺറൈസേഴ്സിനെ ഇരുനൂറ് കടത്തിയത്. വെറും 18 പന്തിൽ നിന്ന് 43 റൺസാണ് അനികേത് അടിച്ചുകൂട്ടിയത്. 4 സിക്സറുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു അനികേതിന്‍റെ ഇന്നിംഗ്സ്.
ആർസിബിക്കായി അരങ്ങേറ്റ മത്സരം കളിച്ച ജേക്കബ് ഡഫി 4 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് 3 വിക്കറ്റെടുത്തത്. റൊമാരിയോ ഷെപ്പേർഡ് മൂന്ന്, ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ്മ, എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
