•
കൊല്ലം : സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ തിരക്കിട്ട ചർച്ചകൾ നടക്കെ, കൊല്ലം ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ ആർഎസ്പിയിൽ പോര്. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ മത്സരരംഗത്തിറക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. മണ്ഡലത്തിൽ തന്നെയുള്ളയാള്‍ സ്ഥാനാര്‍ത്ഥിയായാൽ മതിയെന്ന് ആര്‍എസ്‍പിയിലെ ഒരു വിഭാഗം പരസ്യമായി നിലപാട് എടുത്തതോടെ പോരിന് കരുത്തേറി.
ഇരവിപുരത്ത് എം.എസ്.ഗോപകുമാറിന്‍റെയും സുധീഷ് കുമാറിന്‍റെയും പേരുകളാണ് പരിഗണനയിലുള്ളത്. മുന്നണി മാറ്റത്തിനുശേഷം ആര്‍എസ്പി പരാജയം മാത്രം രുചിച്ച മണ്ഡലമാണ് ഇരവിപുരം. 2016ല്‍ എ.എ അസീസും, 2021ല്‍ ബാബു ദിവാകരനും യുഡിഎഫിനായി മത്സരിച്ചെങ്കിലും പരാജയം രുചിച്ചു. രണ്ട് തവണയും എല്‍ഡിഎഫിലെ എം. നൗഷാദ് 28000ന് പുറത്ത് ഭൂരിപക്ഷത്തില്‍ വിജയിച്ചു.
എന്നാൽ, ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കോര്‍പ്പറേഷന്‍ ഡിവിഷനുകളും 60 വര്‍ഷത്തിനുശേഷം മയ്യനാട് പഞ്ചായത്തും യുഡിഎഫ് പിടിച്ചെടുത്തതിന്‍റെ ആത്മവിശ്വാസം കൈമുതലായതോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ആര്‍എസ്പിയില്‍ പോര് തുടങ്ങിയത്. ആര്‍എസ്പി ഇരവിപുരത്തേക്ക് പരിഗണണിക്കുന്ന എം.എസ്.ഗോപകുമാർ കൊല്ലം മണ്ഡലത്തിലെയും സുധീഷ് കുമാര്‍ ചവറയിലെയും താമസക്കാരാണ്.
മണ്ഡലത്തിന് പുറത്തുള്ളവരെ ഇരവിപുരത്ത് മത്സരിപ്പിക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ആര്‍എസ്.പിയിലെ ഒരു വിഭാഗം. മണ്ഡലത്തില്‍ നിന്നുള്ള ആര്‍.എസ്‍.പി സംസ്ഥാന കമ്മിറ്റി അംഗവും തൊഴിലാളി നേതാവുമായ സജി.ഡി.ആനന്ദിനെ ഇരവിപുരത്ത് മത്സരിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ മകന്‍ കാര്‍ത്തിക്കിന് വേണ്ടിയുള്ള നിർദ്ദേശവും മുന്നോട്ടു വരുന്നുണ്ട്.
അതേസമയം, ഇരവിപുരത്തെ നയിക്കാന്‍ ഇരവിപുരത്തുകാര്‍ ധാരാളമെന്ന് മണ്ഡലം കമ്മിറ്റി അംഗമായ ബിജു ലക്ഷ്മി കാന്തന്‍ ഫേയ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പല മുതിര്‍ന്ന നേതാക്കളുടേയും മനസ്സിലിരുപ്പ് ബിജു ലക്ഷ്മികാന്തൻ്റെ അഭിപ്രായത്തിനൊപ്പമാണ്. വിഷയം അവർ പാര്‍ട്ടിയ്ക്കകത്ത് കർക്കശമായി പറഞ്ഞിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
•
