റാവൽപിണ്ടി : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് നേതാവും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാൻ ഖാനെ റാവൽപിണ്ടി അഡിയാല ജയിലില്‍ കൊലപ്പെടുത്തിയതായി അഭ്യൂഹം. ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായുള്ള വിവരം പാക്ക് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാക്ക് ചാര സംഘടനയായ ഐഎസ്ഐയാണ് ഇമ്രാൻ ഖാനെ കൊലപ്പെടുത്തിയതെന്ന ധ്വനിയും ഉയരുന്നു.
‘അഫ്ഗാനിസ്ഥാൻ ടൈം’ എന്ന പേരിൽ ഒരു എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്ത ‘ബ്രേക്കിംഗ് ന്യൂസ്’ ആണ് അഭ്യൂഹത്തിന് തുടക്കമിട്ടത്. “ഇമ്രാൻ ഖാൻ ദുരൂഹമായി കൊല്ലപ്പെട്ടു” എന്ന് ആ വാർത്ത റിപ്പോർട്ട് ചെയ്തു.
“പിടിഐ ചെയർമാൻ ഇമ്രാൻ ഖാൻ ദുരൂഹമായി കൊല്ലപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ മൃതദേഹം ജയിലിൽ നിന്ന് പുറത്തേക്ക് മാറ്റിയെന്നും പാക്കിസ്ഥാനിൽ നിന്നുള്ള ഒരു വിശ്വസനീയ സ്രോതസ്സ് അഫ്ഗാനിസ്ഥാൻ ടൈംസിനോട് സ്ഥിരീകരിച്ചു.” – അഫ്ഗാനിസ്ഥാൻ ടൈംസ് പോസ്റ്റിൽ പറയുന്നു.
അതേസമയം, പാക്കിസ്ഥാൻ സർക്കാരോ ജയിൽ അധികൃതരോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 73കാരനായ ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 2023 മുതൽ ജയിലിലാണ്. ഇമ്രാൻ ഖാന്റെ കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ കാണാൻ ജയിൽ അധികൃതർ അനുവാദം നൽകിയില്ലെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പ്രചരിച്ചത്.
ഖാനെ കാണണമെന്നാവശ്യപ്പെട്ട് അഡിയാല ജയിലിനു മുന്നിൽ പ്രതിഷേധിച്ച അദ്ദേഹത്തിന്റെ സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരായ നൊറീൻ, അലീമ, ഉസ്മ എന്നിവർ അഡിയാല ജയിലിനുള്ളിൽ ഇമ്രാൻ ഖാനെ ക്രൂരമായി ആക്രമിച്ചതായി ആരോപിച്ചു. ജയിൽ അധികൃതരുടെ മോശം പെരുമാറ്റവും പീഡനവും സംബന്ധിച്ച് അദ്ദേഹം പലപ്പോഴും പരാതിപ്പെട്ടിരുന്നതായും അവർ പറഞ്ഞു.
പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്ഐയും ചേർന്ന് ഇമ്രാൻ ഖാനെ ജയിലിൽ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് പുറത്തുവരുന്നതെന്ന് തർക്കപ്രദേശമായ ബലൂചിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്സ് അക്കൗണ്ടിലെ പോസ്റ്റിൽ പറഞ്ഞു. ഈ വിവരം ശരിയാണെങ്കിൽ പാക്ക് തീവ്രവാദികളുടെ അവസാനമായിരിക്കും അത്. സത്യം പുറത്തുവരുന്ന നിമിഷം പാക്ക് ഭരണകൂടത്തിന്റെ അവസാനത്തിന്റെ തുടക്കമാകുമെന്നും പോസ്റ്റിൽ പറഞ്ഞു.
ജയിലിൽ പീഡനമനുഭവിക്കുന്നതായി കഴിഞ്ഞ ജൂലൈയിൽ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ സൈനിക മേധാവി അസിം മുനീറായിരിക്കും അതിന് ഉത്തരവാദിയെന്നും പാർട്ടി പ്രവർത്തകരോട് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടർന്ന് ആയിരക്കണക്കിന് തെഹ്‌രികെ ഇന്‍സാഫ് പാർട്ടി പ്രവർത്തകർ അഡിയാല ജയിലിനു മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
