തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയില്‍ വീണ്ടും അറസ്റ്റ്. ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ബെല്ലാരി ഗോവർദ്ധനനുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദ്വാരപാലക ശിൽപ്പത്തിൽ നിന്ന് സ്വർണ്ണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. ശിൽപ്പങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണ്ണം വാങ്ങിയത് ഗോവർദ്ധനനാണ്.
ഉണ്ണികൃഷ്ണൻപോറ്റിയും ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വർണ്ണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ചാണ് സ്വർണ്ണം വേർതിരിച്ചെടുക്കുന്നത്. വേർതിരിച്ച സ്വർണ്ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവർദ്ധനന് കൊടുത്തു എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വർണ്ണം ഗോവർദ്ധന്റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതിന് ശേഷം തന്ത്രിയുടെ മൊഴി എടുത്തപ്പോൾ തന്ത്രി പറഞ്ഞത് ഗോവർദ്ധനുമായി അടുത്ത ബന്ധമുണ്ടെന്നും ജ്വല്ലറിയില്‍ പോയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നുമാണ്.
