തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ത്രസിപ്പിക്കുന്ന വിജയം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സെയ്‌ലേഴ്‌സ് മുന്നോട്ടു വെച്ച 237 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ബ്ലൂ ടൈഗേഴ്‌സ് മറികടന്നത്. അവസാന പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ മുഹമ്മദ് ആഷിഖ് (18 പന്തില്‍ 45) നേടിയ സിക്‌സറാണ് ബ്ലൂ ടൈഗേഴ്‌സിന് വിജയം സമ്മാനിച്ചത്. സഞ്ജു സാംസണിന്റെ (51 പന്തില്‍ 121) സെഞ്ചുറിയും വിജയത്തില്‍ നിര്‍ണ്ണായകമായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സെയ്‌ലേഴ്‌സിനെ വിഷ്ണു വിനോദ് (41 പന്തില്‍ 94), സച്ചിന്‍ ബേബി (44 പന്തില്‍ 91) എന്നിവരുടെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ബ്ലൂ ടൈഗേഴ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സഞ്ജു – വിപിന്‍ മനോഹരന്‍ (11) സഖ്യം 64 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. തുടര്‍ന്നെത്തിയ മുഹമ്മദ് ഷാനു (39) സഞ്ജുവിനൊപ്പം 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
13-ാം ഓവറില്‍ ഷാനു മടങ്ങുമ്പോള്‍ ബ്ലൂ ടൈഗേഴ്‌സ് രണ്ടിന് 153 എന്ന നിലയിലായിരുന്നു. തുടര്‍ന്നെത്തിയ സാലി സാംസണും (5) നിഖിലും (1) നിലയുറപ്പിക്കാതെ മടങ്ങി. ഇതിനിടെ സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കിയെങ്കിലും 18-ാം ഓവറില്‍ അജയ്‌ഘോഷിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് മുഹമ്മദ് ആഷിഖിൻ്റെ ഊഴമായിരുന്നു. അതയ്യാൾ ഭംഗിയായി നിറവേറ്റി.
w1zdz6