ന്യൂഡൽഹി : പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ആഗോളതലത്തിലെ പകർച്ചവ്യാധി ആശങ്കകൾക്കിടയിലാണ് നടപടി.
16 രാജ്യങ്ങളിലെ പ്രത്യേക പ്രദേശങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിയന്ത്രണങ്ങളും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള ആരോഗ്യ സാഹചര്യങ്ങളും എപ്പിഡെമിയോളജിക്കൽ അപ്‌ഡേറ്റുകളും അനുസരിച്ച് ഈ പട്ടിക കാലാകാലങ്ങളിൽ പുന:പരിശോധിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ചില നിരോധനങ്ങൾ 2004 മുതൽ നിലവിലുള്ളതാണ്, മറ്റുള്ളവ മൃഗരോഗങ്ങളെക്കുറിച്ചുള്ള (പ്രത്യേകിച്ച് പക്ഷിപ്പനി) അന്താരാഷ്ട്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി ഏർപ്പെടുത്തിയതുമാണ്.
ഇന്ത്യയ്ക്ക് പുറമെ അഫ്ഗാനിസ്ഥാൻ, അസർബൈജാൻ, ജർമനി, ഇന്തോനേഷ്യ, ഇറാൻ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ബൾഗേറിയ, ബംഗ്ലാദേശ്, തായ്‌വാൻ, ജിബൂട്ടി, ദക്ഷിണാഫ്രിക്ക, ചൈന, ഇറാഖ്, ഘാന, പലസ്തീൻ, വിയറ്റ്‌നാം, കംബോഡിയ, കസാക്കിസ്ഥാൻ, കാമറൂൺ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ലാവോസ്, ലിബിയ, മ്യാൻമർ, യുണൈറ്റഡ് കിംഗ്ഡം, ഈജിപ്ത്, മെക്സിക്കോ, മംഗോളിയ, നേപ്പാൾ, നൈജർ, നൈജീരിയ, ഹോങ്കോംഗ്, ജപ്പാൻ, ബുർക്കിന ഫാസോ, സുഡാൻ, സെർബിയ, സ്ലോവേനിയ, ഐവറി കോസ്റ്റ്, മോണ്ടിനെഗ്രോ എന്നിവയാണ് പൂർണ്ണ നിരോധനമുള്ള രാജ്യങ്ങൾ
ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇറ്റലി, ബെൽജിയം, ഭൂട്ടാൻ, പോളണ്ട്, ടോഗോ, ഡെന്മാർക്ക്, റൊമാനിയ, സിംബാബ്‌വെ, ഫ്രാൻസ്, ഫിലിപ്പീൻസ്, കാനഡ, മലേഷ്യ, ഓസ്ട്രിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിലെ ചില പ്രവിശ്യകൾക്കും നഗരങ്ങൾക്കുമാണ് ഭാഗിക നിയന്ത്രണം.
പക്ഷിപ്പനിയോ ന്യൂകാസിൽ ഡിസീസ് വൈറസോ നശിപ്പിക്കാൻ ആവശ്യമായ രീതിയിൽ താപസംസ്കരണത്തിന് വിധേയമാക്കിയ കോഴിയിറച്ചി ഉൽപ്പന്നങ്ങൾക്ക് ഈ നിരോധനം ബാധകമല്ല. എന്നാൽ ഇവ നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നവയും കയറ്റുമതി ചെയ്യുന്ന രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റി നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉള്ളവയുമായിരിക്കണം.
ഇന്ത്യൻ പൗൾട്രി ഉൽപ്പന്നങ്ങളുടെ പ്രധാന രാജ്യാന്തര വിപണികളിലൊന്നാണ് സൗദി അറേബ്യ. നിരോധനം ഏർപ്പെടുത്തിയതോടെ ഇതുമായി ബന്ധപ്പെട്ട കമ്പനികൾക്കും അനുബന്ധ വ്യവസായങ്ങൾക്കും തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ പൗൾട്രി ഇന്ത്യയുടെ കണക്കു പ്രകാരം നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ആറു മാസത്തിൽ മാത്രം ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്തത് 149 മില്യൻ ഡോളറിന്‍റെ ഉൽപ്പന്നങ്ങളാണ്. മുൻ വർഷത്തെ സമാന കാലയളവിൽ ഇത് 71.6 മില്യൻ ഡോളർ മാത്രമാണെന്നും കണക്കുകൾ പറയുന്നു.
