കാസർഗോഡ് : ഗായകൻ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് ശ്വാസം കിട്ടാതെ നിരവധി പേർ കുഴഞ്ഞുവീണു. 10 പേർ പരിക്കേറ്റ് ആശുപത്രിയിൽ. യുവജന കൂട്ടായ്‌മയായ ‘ഫ്രീ’ യുടെ നേതൃത്വത്തിൽ നുള്ളിപ്പാടിയിൽ നടത്തിയ ഗാനമേളക്കിടയിലാണ് സംഭവം. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തി. അനിയന്ത്രിതമായ തിരക്ക് കാരണം പരിപാടി നിർത്തിവെക്കുകയും നഗരത്തിൽ ഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയും ചെയ്തു.
സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ വലിയ ജനക്കൂട്ടമാണ് മൈതാനത്തും പരിസരത്തും തടിച്ചുകൂടിയിരുന്നത്. തിരക്ക് നിയന്ത്രണാതീതമായതോടെ പലർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാൻ പോലീസിന് കഴിയാതെ വന്നതോടെ കാസർഗോഡ് നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ വഴി തിരിച്ചുവിടാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പോലീസിന്റെ നിർദ്ദേശപ്രകാരം സംഗീത പരിപാടി അവസാനിപ്പിക്കുകയായിരുന്നു.
