തിരുവനന്തപുരം : തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ യുവതി അണുബാധ മൂലം മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. കരിക്കകം സ്വദേശിനിയുടെ മരണത്തില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്.
അതേസമയം, എസ്എടി ആശുപത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചയ്ക്കുശേഷവും പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബിജെപി നേതാവ് വി മുരളീധരനൊപ്പമാണ് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തിയത്. സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് സുപ്രീണ്ട് ചര്‍ച്ചയിൽ അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം. പിന്നീട് പനി ബാധിച്ച ശിവപ്രിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ ശിവപ്രിയയുടെ മരണം. ശിവപ്രിയയ്ക്ക് എല്ലാ ചികിത്സയും നല്‍കിയെന്നാണ് എസ്എടി ആശുപത്രിയുടെ വിശദീകരണം.
