കളി അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാം. പക്ഷെ, ഇപ്പുറത്ത് ഇന്ത്യയാവുമ്പോൾ… ക്രിക്കറ്റ് പ്രേമികൾ പറഞ്ഞ ആ പക്ഷെ തന്നെയായിരുന്നു ശരി – ഓവൽ ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യ നേടി. ത്രസിപ്പിക്കുന്ന ജയം. ഇംഗ്ലണ്ടിനെ കീഴടക്കിയത് ആറ് റൺസിന്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കളി തുടങ്ങിയ ഇംഗ്ലണ്ടിനെ ആകാംക്ഷ മുറ്റി നിന്ന അവസാന നിമിഷത്തിൽ 367 റൺസിൽ പുറത്താക്കി ടീം ഇന്ത്യ. വിജയത്തോടെ പരമ്പര 2-2 ന് സമനിലയിൽ പര്യവസാനിച്ചു.
ഇന്ത്യൻ വിജയമൊരുക്കി അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിനും നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണക്കും ബിഗ് സലൂട്ട്! പരാജയം മണത്ത മത്സരമാണ് ഇന്ത്യ വിജയം കൊണ്ട് സുഗന്ധപൂരിതമാക്കിയത്. മത്സരം ജയിക്കാൻ ഇംഗ്ലണ്ടിന് അവസാന ദിനം 35 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്.
ആറിന് 339 റണ്‍സെന്ന നിലയിൽ തിങ്കളാഴ്ച ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിൻ്റെ ജെയ്മി സ്മിത്തിനേയും (രണ്ട്) ജെയ്മി ഓവര്‍ടനേയും (ഒൻപത്) പുറത്താക്കി മുഹമ്മദ് സിറാജ് തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നൽകിയത് വാനോളം പ്രതീക്ഷയാണ്. ജോഷ് ടങ്ങിനെ ബോൾഡാക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന് ഒൻപതാം വിക്കറ്റും തെറിപ്പിച്ചതോടെ കളി ആവേശക്കൊടുമുടി കയറി.
പിന്നാലെ തോളിന് പരിക്കേറ്റ ക്രിസ് വോക്സ് കളിക്കളത്തിലേക്ക്. വോക്സിനെ ഒരറ്റത്ത് നിര്‍ത്തി ഗസ് ആറ്റ്കിന്‍സണ്‍ ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചപ്പോള്‍ ഇന്ത്യൻ പ്രതിക്ഷകർക്ക് മങ്ങലേറ്റെന്ന് തോന്നിപ്പിച്ചതാണ്. അപ്പോഴും,നേരത്തെ ക്രിക്കറ്റ് പ്രേമികൾ പറഞ്ഞ ആ ‘പക്ഷെ ‘ യിലായിരുന്നു പ്രതിക്ഷയത്രയും ! അസ്ഥാനത്തായില്ല, 86-ാം ഓവറില്‍ ആറ്റ്കിന്‍സന്റെ (17) കുറ്റിതെറിപ്പിച്ച് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. കൈവിട്ടുപോകുമെന്ന് തോന്നിയിടത്തുനിന്ന് കളി തിരിച്ചു പിടിക്കാനുള്ള ടീം ഇന്ത്യയുടെ മികവിന് ഒരു ഉദാഹരണം കൂടിയായി ഓവലിലിലെ വിജയം