ബംഗളൂരു : ധർമ്മസ്ഥലയിൽ മണ്ണ് കുഴിച്ചുള്ള പരിശോധനയിൽ അസ്ഥികൂടം കണ്ടെത്തി. നേത്രാവതി സ്നാന ഘട്ടിനടുത്തുള്ള ആറാമത്തെ പോയിന്റിൽ നിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്. രണ്ടടി ആഴത്തിലായിരുന്നു അസ്ഥികൂടം. തലയൊഴികെയുളള ഭാഗമാണ് കണ്ടെത്തിയത്. മുൻപ് പരിശോധിച്ച അഞ്ച് പോയൻ്റിലും ഒന്നും കണ്ടെത്താനായിരുന്നില്ല. പരിശോധന നടത്തുന്നതിൻ്റെ നാലാം ദിവസമാണ് നിർണ്ണായക തെളിവുകൾ ലഭിക്കുന്നത്.
ബുധനാഴ്‌ച അഞ്ചിടങ്ങളിൽ കുഴിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. നേത്രാവതി സ്‌നാനഘട്ടിനും ഹൈവേയ്‌ക്കും സമീപത്ത് 13 ഇടത്തും കന്യാടി വനപ്രദേശത്തുമായി 15 മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് സാക്ഷി മൊഴി. ഇവിടം അടയാളപ്പെടുത്തി കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യം തൊഴിലാളികളെ ഉപയോഗിച്ചാണ് മണ്ണ് നീക്കിയതെങ്കിലും, വെള്ളം കയറിയതോടെ ചെറിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു. ഫോറൻസിക്, റവന്യൂ സംഘത്തിൻ്റെ സാന്നിദ്ധ്യത്തിൽ അഞ്ചടി വരെ ആഴത്തിൽ കുഴിയെടുത്താണ് പരിശോധന. സാക്ഷിയെ മുഖംമറച്ച് സ്ഥലത്ത് എത്തിച്ചിരുന്നു.