ന്യൂഡൽഹി : ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായെന്ന് സുപ്രീം കോടതി. ഓൺലൈൻ വാർത്താമാധ്യമമായ ‘ദി വയറി’നെതിരെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ (ജെഎൻയു) ഒരു പ്രൊഫസർ നൽകിയ അപകീർത്തി കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം
2016-ൽ ‘ദി വയർ’ പ്രസിദ്ധീകരിച്ച ഒരു വാർത്താ ലേഖനത്തെ തുടർന്നായിരുന്നു കേസ്. “ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി: വിഘടനവാദത്തിന്റെയും ഭീകരതയുടെയും കേന്ദ്രം” (Jawaharlal Nehru University: The Den of Secessionism and Terrorism) എന്ന തലക്കെട്ടിലുള്ള 200 പേജുള്ള വിവാദപരമായ ഒരു രേഖ തയ്യാറാക്കിയതിൽ പ്രൊഫസർക്ക് പങ്കുണ്ടെന്ന് ലേഖനത്തിൽ ആരോപിച്ചിരുന്നു. ജെഎൻയുവിനെ സംഘടിത സെക്സ് റാക്കറ്റിന്റെ താവളം എന്നും ലേഖനത്തിൽ വിശേഷിപ്പിച്ചിരുന്നു. ഈ കേസിൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ ‘ദി വയർ’ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എം.എം. സുന്ദരേശ് ആണ് അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായി എന്ന് അഭിപ്രായപ്പെട്ടത്.
‘ദി വയറി’ന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയുടെ ഈ നിരീക്ഷണത്തോട് യോജിക്കുകയും, വിഷയത്തിൽ നിയമപരമായ പരിഷ്ക്കരണങ്ങൾ ആവശ്യമാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 356 പ്രകാരം ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ഒരു ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്.