(Photo Courtesy : x)
ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ (എടിഎസ്) സാങ്കേതിക തകരാർ മൂലം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവ്വീസുകൾ തടസപ്പെട്ടത് പരിഹരിക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. 100 ലധികം വിമാനങ്ങളുടെ സർവ്വീസ് വൈകി. ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് വൈകിയത്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. പ്രതിദിനം 1,500ലധികം വിമാനങ്ങളാണ് ഇവിടെ നിന്നും പുറപ്പെടുന്നതും ഇവിടേക്ക് ലാന്റ് ചെയ്യുന്നതും.
വ്യാഴാഴ്ച വൈകിട്ട് മുതൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം എയർ ട്രാഫിക് കൺട്രോളർമാർക്ക് ഫ്‌ലൈറ്റ് പ്ലാനുകൾ ലഭിക്കുന്നില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്ലാനുകൾ നൽകുന്ന ഓട്ടോ ട്രാക്ക് സിസ്റ്റത്തിനായുള്ള വിവരങ്ങൾ നൽകുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്.
സിസ്റ്റത്തിൽ പ്രശ്നങ്ങൾ തുടരുന്നതിനാൽ ലഭ്യമായ ഡാറ്റ ഉപയോഗിച്ച് എയർ ട്രാഫിക് കൺട്രോളർമാർ സ്വയമേയാണ് ഫ്‌ലൈറ്റ് പ്ലാനുകൾ തയ്യാറെടുക്കുന്നത്. ഇത് പൊതുവേ സമയം എടുക്കുന്ന പ്രക്രിയ ആയതിനാൽ തന്നെ വിമാനങ്ങൾ പുറപ്പെടാൻ വൈകുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.
