തിരുവനതപുരം : നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ളതെന്നു വിമർശിക്കപ്പെടാനിടയുണ്ടെങ്കിലും യഥാർഥത്തിൽ വികസനവും സാമൂഹികക്ഷേമവും സമന്വയിപ്പിക്കുന്ന എൽ.ഡി.എഫ്. സർക്കാരിന്റെ സാമ്പത്തികപരിപാടിയുടെ സ്വാഭാവികത്തുടർച്ചയായി ഈ ബജറ്റിനെ കാണുന്നതാകും കൂടുതൽ ശരിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തെ സമസ്ത മേഖലകളേയും ഉൾപ്പെടുത്തിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
സാമൂഹികസുരക്ഷാപെൻഷൻ നൽകുന്നതടക്കമുള്ള ക്ഷേമപരിപാടികൾക്കായി 14,500 കോടി രൂപ ബജറ്റിൽ നീക്കിവെച്ചതിനെ, തെരഞ്ഞെടുപ്പുലാക്കോടെയെന്നു വിമർശിക്കുന്നത് ഈ സർക്കാരിൻ്റെ സാമ്പത്തികദർശനത്തെപ്പറ്റി അജ്ഞതയുള്ളവരാണ്. ആശ-അങ്കണവാടി വർക്കർമാർ, പ്രീ-പ്രൈമറി ടീച്ചർമാർ, സാക്ഷരതാ പ്രേരകുമാർ എന്നിവരുടെ പ്രതിമാസവേതനം ആയിരം രൂപയും അങ്കണവാടി ഹെൽപ്പർമാരുടേത് അഞ്ഞൂറുരൂപയും വർധിപ്പിച്ചത് സ്വാഗതാർഹമാണ്. സ്കൂൾ പാചകത്തൊഴിലാളികളുടെ ദിവസവേതനത്തിൽ ഇരുപത്തിയഞ്ചുരൂപയുടെ വർദ്ധനയുണ്ട്.
സ്കൂൾക്കുട്ടികളുൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും ലൈഫ്-ആരോഗ്യ ഇൻഷുറൻസ്, ഗ്രാമീണ തൊഴിലുറപ്പിന് ആയിരം കോടി രൂപ, മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാപദ്ധതിക്ക് 3,700 കോടി രൂപ എന്നീ പ്രഖ്യാപനങ്ങളുമുണ്ട്. ഗവ., എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദപഠനം സൗജന്യമാക്കാനുള്ള തീരുമാനം വിപ്ലവാത്മകമാണ്. കേരളനവോത്ഥാനത്തിന്റെയും കേരളാ മോഡലിന്റെയും ദീപശിഖയാണ് മന്ത്രി ബാലഗോപാൽ ഈ പ്രഖ്യാപനത്തിലൂടെ വരുംകാലത്തിന് കെടാതെ കൈമാറിയിരിക്കുന്നത്.
ജില്ലാ ആശുപത്രികളിൽ ആർത്തവവിരാമ ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പുരോഗമനപരമാണ്. പുതിയ കാലത്തെ സ്ത്രീ ആർജവത്തോടെ ചർച്ചചെയ്യുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഭരണകൂടത്തിന്റെ സന്നദ്ധതയാണ് അതിൽ തെളിയുന്നത്.
സർക്കാർജീവനക്കാർക്കായി അഷ്വേഡ് പെൻഷൻസ്കീം ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുമെന്ന പ്രഖ്യാപനം സ്വാഗതംചെയ്യപ്പെടേണ്ടതാണ്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായത്തിലേക്കു തിരിച്ചുപോകുകയെന്നത് ഇനിയൊരു അപ്രായോഗിക സ്വപ്നം മാത്രമാണെന്നിരിക്കേ, പങ്കാളിത്ത പെൻഷനെക്കാൾ മെച്ചപ്പെട്ടതെന്നനിലയ്ക്ക് അഷ്വേഡ് പെൻഷൻ പദ്ധതി ആശ്വാസദായകമാണ്. ശമ്പളപരിഷ്കരണക്കമ്മിഷൻ പ്രഖ്യാപിച്ചതും അവശേഷിക്കുന്ന ക്ഷാമബത്ത, ക്ഷാമാശ്വാസ ഗഡുക്കൾ പൂർണ്ണമായി നൽകുമെന്ന അറിയിപ്പും സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സന്തോഷിപ്പിക്കേണ്ടതാണ്. എന്നാൽ, ശമ്പളക്കമ്മിഷന് അനുവദിച്ച മൂന്നുമാസ കാലാവധി അപര്യാപ്തമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ നടപടികൾ മന്ദീഭവിക്കുമെന്നും ജീവനക്കാരുടെ സംഘടനകൾ ആശങ്കപ്രകടിപ്പിക്കുന്നുണ്ട്.
മധ്യവർഗ്ഗ ഇച്ഛകളെ തഴുകുമ്പോഴും അടിസ്ഥാനവർഗത്തെ അഭിവാദ്യംചെയ്യാൻ എൽ.ഡി.എഫ്.സർക്കാർ മറക്കുന്നില്ലെന്നതിന്റെ സാക്ഷ്യമാണ് ഓട്ടോറിക്ഷാ തൊഴിലാളികൾക്കായുള്ള പ്രഖ്യാപനങ്ങൾ. പെട്രോൾ-ഡീസൽ ഓട്ടോറിക്ഷ മാറ്റി ഇലക്‌ട്രിക് റിക്ഷ വാങ്ങുന്നവർക്ക് 40,000 രൂപ സ്‌ക്രാപ്പേജ് ബോണസ്, ഇലക്‌ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ബാങ്കിൽനിന്നെടുത്ത വായ്പയ്ക്ക് രണ്ടുശതമാനം പലിശയിളവ്, തൊഴിലാളിസൗഹൃദ സ്മാർട്ട് ഓട്ടോ സ്‌റ്റാൻഡുകൾ എന്നിവയാണ് ബജറ്റിലുള്ളത്.
വിഴിഞ്ഞം തുറമുഖത്തെ ചവറ, കൊച്ചി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന റെയർ എർത്ത് ഇടനാഴി, കൊച്ചി ഇൻഫോപാർക്കിന്റെ മൂന്നാംഘട്ടവികസനത്തിൻ്റെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സൈബർവാലി, പ്രതിരോധ-ബഹിരാകാശഗവേഷണ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ഡിഫൻസ് ടെക്‌നോളജി ഇനവേഷൻ ഹബ്, തിരുവനന്തപുരം-കാസർഗോഡ് വേഗ റെയിലിന് നൂറുകോടി രൂപ പ്രാഥമികനീക്കിവെപ്പ്, എം.സി. റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി എന്നിവയുടെ പ്രഖ്യാപനത്തിലൂടെ വികസനപാതയിലെ തുടർച്ച ഉറപ്പാക്കുന്നു.
നാളത്തെ കേരളത്തിനായുള്ള സമഗ്രകാഴ്ചപ്പാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാംസർക്കാർ അവസാനബജറ്റിലൂടെ മുന്നോട്ടുവെക്കുന്നത്.
പുതുകാലത്തിനുചേർന്ന ഇടതുപക്ഷബജറ്റ് എന്ന് അതിനെ വിശേഷിപ്പിക്കുന്നത് തെറ്റാകില്ല – കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
