ആലപ്പുഴ : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ശബരിമല ആഗോള അയ്യപ്പ സംഗമത്തെ ഭക്തജനങ്ങള്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആഗോള അയ്യപ്പ സംഗമത്തോട് സഹകരിച്ച് സമ്പുഷ്ടമാക്കാന്‍ ശ്രമിക്കുക എന്നതാണ് ഇനി എല്ലാ രാഷ്ട്രീയക്കാരുടെയും ചുമതലയെന്നും വെള്ളാപ്പള്ളി. ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി ക്ഷണിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പി എസ് പ്രശാന്ത് വന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംവാരിക്കുകയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി.
“കഴിഞ്ഞ കുറേ കൊല്ലങ്ങളായി ശബരിമലയില്‍ വല്ല പ്രശ്‌നങ്ങളുമുണ്ടോ. അത് ദേവസ്വം ബോര്‍ഡിന്റെ മാത്രം കഴിവാണോ. ഗവണ്‍മെന്റ് സഹകരിക്കുകയും പിന്തുണ കൊടുക്കുകയും ചെയ്തത് കൊണ്ടല്ലേ ഇത് നടന്നത്. ” – അദ്ദേഹം ചോദിച്ചു.
ശബരിമല വിവാദഭൂമിയാക്കരുത്. ആഗോള അയ്യപ്പ സംഗമത്തോട് എല്ലാവരും സഹകരിക്കുക. പിന്തുണയ്ക്കുക. മത വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും കാണാനും ഭജിക്കാനും പ്രാര്‍ത്ഥിക്കാനും സാധിക്കുന്ന ഇന്ത്യയിലെ ഒരുപക്ഷേ ഏക ക്ഷേത്രം ശബരിമലയാകും. അതിന് കക്ഷിരാഷ്ട്രീയം പറഞ്ഞും പിണറായിയെ പറഞ്ഞും സ്ത്രീപ്രശ്‌നം പറഞ്ഞും സമയം കളയേണ്ടതല്ല. അതില്‍ തിരിഞ്ഞ് നിന്ന് കുത്താന്‍ ശ്രമിക്കുന്നവര്‍ സ്വയം കുത്ത് കൊള്ളേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സാങ്കേതികമായി ചര്‍ച്ച നടത്താനും സംവാദം നടത്താനും അവസരം വരുകയാണ്. അവിടെ വന്ന് അഭിപ്രായം പറയണം. നടപ്പാക്കാൻ പറ്റുന്നതാണെങ്കിൽ നടപ്പാക്കും. ബിജെപിക്കാര്‍ നിസഹരിക്കുമെന്ന് പറഞ്ഞ് കേട്ടിട്ടില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാം പിന്‍വലിക്കണമെന്ന നിലപാടാണ് യോഗത്തിനും ഉളളത്. അതിന്റെ പേരില്‍ അയ്യപ്പസംഗമത്തെ എതിര്‍ക്കുന്നത് ശരിയല്ല.” – വെളളാപ്പളളി നടേശൻ പറഞ്ഞു.
“ബിജെപി നടത്തുന്ന ബദല്‍ അയ്യപ്പ സംഗമം ശരിയല്ല. ബിജെപി കാടടച്ചു വെടി വയ്ക്കുന്നു. പഴയ കാര്യങ്ങള്‍ മറക്കരുത്. സ്ത്രീപ്രവേശന പ്രശ്‌നം നടന്നതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 99 സീറ്റ് നേടി.” – അദ്ദേഹം പറഞ്ഞു.