മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ച അവസാനയാത്ര അനന്തപുരിയിൽ നിന്നും ആലപ്പുഴയിലേക്ക് നീങ്ങുകയാണ്. തലസ്ഥാനത്തു നിന്ന് ഉച്ചക്ക് 2.30 ന് പുറപ്പെട്ട വിലാപയാത്ര രാത്രി 10.24ന് ആറ്റിങ്ങലിൽ എത്തിയതേയുള്ളൂ. 8 മണിക്കൂർ കഴിഞ്ഞിട്ടും തിരുവനന്തപുരം ജില്ല പിന്നിട്ടിട്ടില്ല. മഴയെയും പ്രതികൂല കാലാവസ്ഥയെയും വകവെക്കാതെ നിരവധി പേരാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ മനുഷ്യ മതിലുകൾ തീർത്ത് മിക്കയിടങ്ങളിലും വിതുമ്പുന്ന മനസ്സുമായി കാത്തുനിൽക്കുന്നത്. ഇടക്ക് വി എസിനെ വഹിച്ചുള്ള വാഹനത്തിൻ്റെ വേഗത കൂട്ടാൻ ശ്രമം നടത്തിയെങ്കിലും വിലാപയാത്രയിൽ അണിചേർന്ന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയ ജനസഞ്ചയത്തിന് മുന്നിൽ അത് നിഷ്പ്രഭമായി. പ്രിയസഖാവിനെ ഒരു നോക്ക് കാണാനായി ഇടുക്കിയിൽ നിന്നും പുനലൂരിൽ നിന്നും മറ്റ് മലയോര മേഖലകളിൽ നിന്നുമായി നിരവധി പേരാണ് മണിക്കൂറുകളായി ദേശീയപാതയുടെ ഇരുവശവും തിങ്ങി നിറഞ്ഞുനിൽക്കുന്നത്.
രാത്രി 9 മണിക്ക് ആലപ്പുഴയിൽ എത്തണമെന്ന നിശ്ചയിച്ചിരുന്ന വിലാപയാത്ര ഓരോ കേന്ദ്രങ്ങളിലും പ്രതീക്ഷിച്ച സമയത്ത് എത്താൻ സാധിക്കാതെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അന്ത്യാഭിവാദ്യമർപ്പിക്കാൻ അത്രയധികം മനുഷ്യരാണ് വഴിയരികിൽ മുഷ്ടിച്ചുരുട്ടി തൊണ്ട പൊട്ടുമാറുച്ചത്തിൽ ‘കണ്ണേ കരളെ വി എസ്സേ… ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവെ’ എന്ന മുദ്രാവാക്യം വിളിച്ച് സ്നേഹവായ്പുകളുമായി കാത്തു നിൽക്കുന്നത്.
‘ഇല്ലയില്ലാ മരിക്കുന്നില്ല, പ്രിയ സഖാവ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’ രാവേറെ ചെന്നിട്ടും വിരോചിതമായ യാത്രാമൊഴി നേരാൻ കാത്തു നിൽക്കുന്ന ജനസാഗരത്തിന് നടുവിലൂടെ വികാരനിര്‍ഭരമായാണ് വിപ്ലവനേതാവിന്റെ വിലാപയാത്ര. ഇപ്പോഴത്തെ സമയക്രമമനുസരിച്ച് ബുധനാഴ്ച പുലര്‍ച്ചയോടെയെ വിലാപയാത്ര ആലപ്പുഴയിലെത്താൻ സാദ്ധ്യതയുള്ളൂ.
ബുധനാഴ്ച രാവിലെ 10 മണിയോടെ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ആലപ്പുഴ കടപ്പുറത്തെ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിൽ പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.