കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ വിവാദപരമായ ആരോപണങ്ങളും രാജി ആവശ്യവും കൊടുംമ്പിരികുത്തി നിൽക്കെ, രൂക്ഷവിമര്‍ശനവുമായി അദ്ധ്യാപികയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാര്യയുമായ ആശയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പേര് പറയാതെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച ആശയുടെ പ്രതികരണക്കുറിപ്പ് പക്ഷെ, ഇപ്പോള്‍ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമാണ്.
ഒരു വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ ദിവസവും പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ അയാളുടെ ചെയ്തികളും ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണെന്നും സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുകയാണെന്നുമൊക്കെയാണ് ആശ കുറിപ്പിൽ പങ്കുവെച്ചത്.
ആശയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ – ‘ഒരു വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ ദിവസവും പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്താൻ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞുപോകുന്ന മെസേജുകള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും ഗൂഗിള്‍ പേയിലും മെസേജുകള്‍ അയക്കാന്‍ പറ്റുമെന്നും സ്‌ക്രീൻഷോട്ട് എടുക്കാന്‍ പറ്റാത്തവിധത്തില്‍ മെസേജ് അയക്കാന്‍ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോകോള്‍ ചെയ്യാന്‍ കഴിയുമെന്നൊക്കെ വാര്‍ത്തകളിലൂടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ്. പറഞ്ഞുവരുന്ന കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് വരുംദിവസങ്ങളിലേ അറിയാന്‍ കഴിയൂ. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ ആവുന്നുമില്ല.’