കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയുമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ. 1923 ഒക്ടോബർ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലായിരുന്നു ജനനം. 2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ. 1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്.
2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്ന വി.എസ്. അച്യുതാനന്ദൻ 2015-ൽ ആലപ്പുഴയിൽ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്നത് കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചു. പ്രതിനിധി സമ്മേളനത്തിലെ പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൽ വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയായിരുന്നു വിവാദം സൃഷ്ടിച്ച ഇറങ്ങിപ്പോക്ക്.
2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞു. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവെച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദൻ നിലവിൽ തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതത്തിലിരിക്കെയാണ് അനാരോഗ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. മാധ്യമ പ്രവർത്തകനായ പി.കെ. പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം എന്ന പുസ്തകം വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രമാണ്. 2005-ലെ മാധ്യമം വാർഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ പതിനൊന്നാം കേരള നിയമസഭയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടു.
പാർട്ടിയിലെയും പൊതുരംഗത്തെയും കർക്കശ നിലപാടുകൾത്തന്നെയാണ് എതിരാളികൾ അച്യുതാനന്ദനെതിരെ പ്രചാരണായുധമാക്കിയിരുന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന നേതാവെന്ന നിലയിലാണ് 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് അദ്ദേഹത്തെ നേരിട്ടത്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നുവരെ എതിർചേരിയിലെ ഏതാനും നേതാക്കൾ പറഞ്ഞുവെച്ചു. പ്രതിപക്ഷനേതാവെന്ന നിലയിലും അല്ലാതെയും അച്യുതാനന്ദൻ ഏറ്റെടുത്തു നടത്തിയ ചില സമരങ്ങളാണ് അദ്ദേഹത്തെ വിമർശിക്കാൻ എതിരാളികൾ ആയുധമാക്കിയത്.
1990കളിൽ ആലപ്പുഴ ജില്ലയിലും പരിസര പ്രദേശങ്ങളിലും സി.പി.എം. ഏറ്റെടുത്തു നടത്തിയ കർഷകത്തൊഴിലാളി സമരമാണ് ഇതിൽ പ്രധാനം. നെൽപ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകൾ തിരിയുന്നതിനെതിരെയായിരുന്നു ഈ സമരം. ഈ പ്രവണതമൂലം നിരവധി കർഷകത്തൊഴിലാളികൾ ജോലിയില്ലാതാവുന്നു എന്നതായിരുന്നു സി.പി.എം. ഉയർത്തിയ വാദം. കേരളത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയെ ഈ പ്രവണത ബാധിക്കുമെന്നും അച്യുതാനന്ദനടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. നെൽകൃഷി ഒഴിവാക്കി ഇതര കൃഷികളിലേക്കു തിരിഞ്ഞ കൃഷിഭൂമികൾ കയ്യേറി വെട്ടിനിരത്തുകയായിരുന്നു ഈ സമരത്തിന്റെ ശൈലി. ഇതുമൂലം വെട്ടിനിരത്തൽ സമരം എന്ന വിളിപ്പേരുണ്ടായി ഈ പ്രക്ഷോഭത്തിന്. ഈ സമരത്തിനു നേതൃത്വം നൽകിയ നേതാവെന്ന നിലയിൽ അച്യുതാനന്ദൻ ഏതാനും മാധ്യമങ്ങളുടെയും ഭൂവുടമകളുടെയും എതിർപ്പു ക്ഷണിച്ചുവരുത്തി.
പാർട്ടിക്കുള്ളിൽ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന നേതാവെന്ന വിമർശനവും അച്യുതാനന്ദനെതിരായി ഉന്നയിക്കപ്പെട്ടിരുന്നു. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന ആരോപണം. സി.പി.എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം.വി.രാഘവൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയവരെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ വി.എസാണ് ചുക്കാൻ പിടിച്ചതെന്നും ആരോപിക്കപ്പെടുന്നു. 1996-ൽ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും വി.എസ്. ഇതുപോലെ വെട്ടിനിരത്തി എന്നാണ് മറ്റൊരാരോപണം.
പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ് പൊതുജനങ്ങൾക്ക് അഭിമതനാകുന്നത് 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ് ആയതോടുകൂടിയാണ്. ഇക്കാലത്ത് ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക് പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു.
മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി. 1980-1985, 1985-1988, 1988-1991 കാലഘട്ടത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18 ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.