തിരുവനന്തപുരം : സ്പാകൾക്കെതിരെ കടുത്ത നടപടികളുമായി തിരുവനന്തപുരം കോര്‍പ്പറേഷൻ. തിരുവല്ലയിൽ സ്പായിലുണ്ടായ കൂട്ടബലാത്സംഗത്തിൻ്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ നടപടി. തിരുവനന്തപുരം സ്റ്റാച്യുവിലെ ‘സ്പർശൻ വെൽനെസ്’ സ്പായിൽ നഗരസഭ മിന്നൽ പരിശോധന നടത്തി. പരാതി ലഭിച്ചതനുന്നരിച്ചായിരുന്നു നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന. പിന്നാലെ പോലീസും സ്ഥലത്തെത്തി. വലിയ നിയമലംഘനമാണ് സ്പായിൽ നടന്നിട്ടുള്ളതെന്ന് പറയുന്നു. പരിശോധനയിൽ കേന്ദ്രത്തിലെ പ്രീമിയം വിഭാഗം കെട്ടിടം പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന് കണ്ടെത്തി. തുടർന്ന് ഈ വിഭാഗം അധികൃതർ പൂട്ടിച്ചു. ക്രോസ് മസാജിങ് നടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സ്പാകൾ അനുമതിയോടെയാണോ പ്രവർത്തിയ്ക്കുന്നതെന്ന് രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തുമെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു. ചില ഗുണ്ടകൾ സ്പാകൾക്ക് സംരക്ഷണം നൽകുന്നുണ്ടന്ന വിവരമുണ്ട്. ഏത് കൊലകൊമ്പൻ സ്പാ നടത്തിയാലും നടപടിയുണ്ടാകും. ക്രോസ് മസാജിംഗ് അനുവദിക്കില്ല. പരിശീലനം നേടിയവർ സ്പായിൽ ഉണ്ടാകണം. ഈ നഗരത്തെ മോശമാക്കാൻ കഴിയില്ല. പോലീസാണ് ഇക്കാര്യത്തിൽ കൂടുതൽ നടപടിയെടുക്കേണ്ടതെന്നും മേയർ വ്യക്തമാക്കി. സ്പാക്കെതിരെ യുവതി നൽകിയ പരാതി പോലീസിനെ അറിയിച്ചതായി മേയർ പറഞ്ഞു.
അനധികൃത സ്പാകള്‍ക്കെതിരെ പോലീസുമായി ചേര്‍ന്ന് നടപടിയെടുക്കാനാണ് കോർപ്പറേഷന്‍റെ തീരുമാനം. സ്പാകളുടെ മറവിൽ ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും അനധികൃത സ്പാ കേന്ദ്രങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കുമെന്നും മേയർ വ്യക്തമാക്കി.
