പട്ന : ഉത്തർപ്രദേശിലെ ആയിരക്കണക്കിന് വോട്ടർമാർ ബിഹാറിലെ ഒറ്റ മണ്ഡലത്തിലെ കരട് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടതായി റിപ്പോർട്ടേഴ്സ് കളക്ടീവ് അന്വേഷണം പറയുന്നു. വൽമീകി നഗർ മണ്ഡലത്തിൽ മാത്രം നടത്തിയ പരിശോധനയിലാണ് അയ്യായിരത്തിലേറെ യുപിക്കാർ ഉൾപ്പെട്ടതായി കണ്ടെത്തിയത്.
വ്യാജമായി ഉൾപ്പെടുത്തിയവർക്കെല്ലാം രണ്ട് വോട്ടർ ഐഡി കാർഡുള്ളതായും കണ്ടെത്തി. ഇതിൽ ആയിരത്തോളം വോട്ടർമാരുടെ പേരുവിവരങ്ങൾ ഒന്നുതന്നെയാണ്. വിലാസത്തിൽ മാത്രം വ്യത്യാസം. പേര്, വയസ്സ്, മാതാപിതാക്കളുടെയോ ഭർത്താവിന്റെയോ പേര് എന്നിവയാണ് മേൽവിലാസത്തിന് പുറമെ പട്ടികയിലുണ്ടാവുക. ആയിരത്തോളം വോട്ടർമാരുടെ കാര്യത്തിൽ വിലാസമൊഴികെ മറ്റ് വിവരങ്ങളെല്ലാം ഒന്ന് തന്നെ.
ആയിരത്തിലേറെ വോട്ടർമാരുടെ പേരുവിവരങ്ങളിൽ ചില്ലറ വ്യത്യാസം മാത്രമുണ്ട്. ചിലരുടെ പേരുവിവരങ്ങളിൽ അക്ഷരങ്ങളിൽ മാത്രം ചെറിയ മാറ്റങ്ങൾ. ചിലരുടെ പ്രായത്തിൽ ഒന്നോ രണ്ടോ വർഷങ്ങളുടെ വ്യത്യാസം.
ഇതെല്ലാം ചേർത്ത് അയ്യായിരത്തിലേറെ വ്യാജവോട്ടർമാരും ഇരട്ടവോട്ടർമാരും വൽമീകി നഗർ മണ്ഡലത്തിലെ കരടുപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. 124 വയസ്സുള്ള സ്‌ത്രീയുടെ പേര് പട്ടികയിൽ ഉൾപ്പെട്ടതടക്കം വ്യാപകമായ പരാതികളാണ് ബിഹാർ വോട്ടർപ്പട്ടികയെപ്പറ്റി ഉയർന്നിരിക്കുന്നത്. കരടു പട്ടിക വിവാദമായതോടെ ഇത് ഓൺലൈനിൽ ലഭ്യമാകുന്ന രീതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റം വരുത്തി. ഇപ്പോൾ ഓൺലൈനിൽ ലഭ്യമാകുന്ന വിവരങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാനാകുന്നില്ല.