കോഴിക്കോട് : കോഴിക്കോട് ബൈപ്പാസിൽ ടോൾപിരിവ് ഒക്ടോബർ ആദ്യം തുടങ്ങാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.
രാമനാട്ടുകര മുതൽ വെങ്ങളംവരെ പ്രധാനപാതയുടെ നിർമ്മാണം മുഴുവനായി പൂർത്തിയാക്കിയ ഭാഗത്താണ് ടോൾപിരിവിന് തുടക്കമിടുന്നത്. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിലാണ് ടോൾപ്ലാസ പണിതിട്ടുള്ളത്. അഞ്ച് പ്രവേശനമാർഗ്ഗങ്ങളാണ് പ്ലാസയിലുള്ളത്.
ഡൽഹി ആസ്ഥാനമായുളള റൻജൂർ എന്ന കമ്പനിക്കാണ് ടെൻഡർ നൽകിയിരിക്കുന്നത്. ഈ മാസം 24-നോ 25-നോ ട്രയൽ റൺ നടത്തും. ഫാസ്റ്റ്ടാഗ് പ്രവർത്തിക്കുന്നുണ്ടോ എന്നുറപ്പ് വരുത്താനാണ് ട്രയൽ റൺ. അത് കഴിഞ്ഞ് പരമാവധി ഒക്ടോബർ ഒന്നിനുതന്നെ ടോൾപിരിവ് തുടങ്ങുമെന്ന് എൻഎച്ച്എഐ അധികൃതർ പറഞ്ഞു. അടുത്ത ദിവസം തന്നെ കരാറുകാർക്ക് പ്രവൃത്തിപൂർത്തീകരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകും.
20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കുള്ള 300 രൂപയുടെ പാസ് ടോൾപ്ലാസയിൽനിന്ന് ലഭിക്കും. ട്രയൽറൺ നടത്തുന്ന ദിവസങ്ങളിലായിരിക്കും പാസ് വിതരണംചെയ്യുക. അതിന് 20 കിലോമീറ്റർ പരിധിയിലുള്ള താമസക്കാരാണെന്നരേഖ സമർപ്പിക്കണം. ഫാസ്റ്റ്ടാഗിന് ഒരുവർഷത്തേക്ക് മൂവായിരം രൂപയാണ്. അതുപയോഗിച്ച് 200 ട്രിപ്പുകൾ നടത്താം.
അതേസമയം, സർവ്വീസ് റോഡിന്റെ പ്രവൃത്തി ഇനിയും ബാക്കി നിൽക്കുകയാണ്. മലാപ്പറമ്പ് ജങ്ഷൻ മുതൽ പാച്ചാക്കിൽവരെ, നെല്ലിക്കോട് അഴാതൃക്കോവിൽ ക്ഷേത്രത്തിന് സമീപം, ഹൈലൈറ്റ് മാൾ, മെട്രോമെഡ് ആശുപത്രി എന്നിവിടങ്ങളിൽ സർവ്വീസ് റോഡ് നിർമ്മാണം പൂർത്തിയാക്കാനുണ്ട്. മലാപ്പറമ്പിൽ സോയിൽ നെയിലിങ് മാറ്റിയുള്ള പുതിയ ഡിസൈന് അംഗീകാരമായിട്ടുണ്ടെന്നും ഉടൻ പ്രവൃത്തിതുടങ്ങുമെന്നും പറയുന്നു. മൂന്നിടങ്ങളിൽ സർവ്വീസ് റോഡിന് ഇനിയും സ്ഥലമെടുക്കാനുണ്ട്.
പാലാഴി ജങ്ഷനിലെ മേൽപ്പാലം അവസാനിക്കുന്ന ഭാഗത്ത് പ്രധാനപാതക്ക് 25 മീറ്ററോളം നീളത്തിൽ വീതി കുറവുണ്ട്. അവിടത്തെ പ്രവൃത്തിയും വൈകാതെതന്നെ ചെയ്യുമെന്നേ കരാർ കമ്പനി പറയുന്നുള്ളൂ. ബൈപ്പാസ് അവസാനിക്കുന്ന വെങ്ങളം മുതൽ അഴിയൂർ വരെയുള്ള പ്രവൃത്തി ബാക്കി നിൽക്കുകയാണ്.
