വാഷിങ്ടൺ : സൈനിക നടപടിയിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനും കടുത്ത മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിനെ ധിക്കരിക്കുന്നത് തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഞായറാഴ്ച രാവിലെ ഒരു മാഗസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ്, റോഡ്രിഗസിനെതിരെ പരസ്യമായിത്തന്നെ ഭീഷണി മുഴക്കിയതെന്ന് അറ്റ്‌ലാന്റിക് റിപ്പോർട്ട് ചെയ്തു. മഡുറോയുടെ അറസ്റ്റിലേക്ക് നയിച്ച അമേരിക്കൻ ഇടപെടലിനെ റോഡ്രിഗസ് നിരസിക്കുന്നത് താൻ സഹിക്കില്ലെന്ന് ട്രംപ് പറഞ്ഞതായും അറ്റ്‌ലാന്റിക് റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയ്ക്ക് വെനസ്വേല ‘പൂർണ്ണമായ പ്രവേശനം’ നൽകേണ്ടതുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. “അവരുടെ രാജ്യത്തെ എണ്ണയിലേക്കും മറ്റ് കാര്യങ്ങളിലേക്കും ഞങ്ങൾക്ക് പ്രവേശനം ആവശ്യമാണ്. അത് അവരുടെ രാജ്യത്തെ പുനർനിർമ്മിക്കാൻ ഞങ്ങളെ സഹായിക്കും.”- ട്രംപ് അവകാശപ്പെടുന്നു.
വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ തടവിലായതോടെയാണ് രാജ്യത്തിന്റെ ഇടക്കാല ഭരണച്ചുമതല വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് (56) ഏറ്റെടുക്കേണ്ടി വന്നത്. പ്രസിഡൻ്റിൻ്റെ അസാന്നിദ്ധ്യത്തിൽ അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്ന് പറയുന്ന ഭരണഘടനയുടെ 233, 234 അനുച്ഛേദങ്ങൾപ്രകാരം സുപ്രീംകോടതിയാണ് അവർക്ക് അധികാരം കൈമാറിയത്.
അതേസമയം, ട്രംപിന്റെ പ്രസ്താവനകളെ റോഡ്രിഗസ് തള്ളിക്കളഞ്ഞു. “നമ്മൾ ഒരിക്കലും ഒരു കോളനി ആകില്ല. വെനസ്വേല, അതിന്റെ സ്വാഭാവിക വിഭവങ്ങൾ സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യത്തിന്റെ പ്രതിരോധ നേതൃത്വം മഡുറോയുടെ നയങ്ങളിൽ പ്രതിജ്ഞാബദ്ധമാണ്.” – റോഡ്രിഗസ് വ്യക്തമാക്കി. ലിഗ സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും ഗറില്ലാപോരാളിയുമായ ജോർജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ് ഡെൽസി റോഡ്രിഗസ്. ധനകാര്യം, എണ്ണ എന്നീ വകുപ്പുകളുടെ മന്ത്രികൂടിയായ അവർ 2018-ലാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
ഡെൽസി റോഡ്രിഗസ് 2014-17 കാലത്ത് രാജ്യത്തിൻ്റെ വിദേശകാര്യമന്ത്രിയായിരുന്നു. മഡുറോ സർക്കാരിനെതിരായ നീക്കങ്ങളെ ശക്തമായി നേരിട്ടിരുന്ന അവരെ മഡുറോയുടെ ‘കടുവ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വെനസ്വേലയുടെ എണ്ണവ്യവസായത്തിനുമേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ കൈകാര്യംചെയ്തതിലൂടെയും അവർ ശ്രദ്ധനേടിയിരുന്നു.
