വാഷിങ്ടൺ : ഷട്ട്ഡൗണിനിടെ ഫെഡറൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കം തടഞ്ഞ് കോടതി. കാലിഫോർണിയയിലെ ഒരു ഫെഡറൽ ജഡ്ജിയുടേതാണ് ഉത്തരവ്. പിരിച്ചുവിടലുകൾ നിയമവിരുദ്ധമാണെന്ന യൂണിയനുകളുടെ വാദം അംഗീകരിച്ചാണ് നടപടി. സാൻ ഫ്രാൻസിസ്കോയിൽ നടന്ന വാദത്തിനിടെ, യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി 30ലധികം ഫെഡറൽ ഏജൻസികളിലെ പിരിച്ചുവിടലുകൾ തടഞ്ഞുകൊണ്ട് രണ്ട് യൂണിയനുകളുടെയും ആവശ്യം അംഗീകരിക്കുകയായിരുന്നു.
ട്രംപ് ഭരണകൂടം സർക്കാർ പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തിവെച്ചതിനെ തുടർന്ന് ഫെഡറൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ തുടങ്ങിയിരുന്നു. ഇതിനെതിരെ തൊഴിലാളി യൂണിയനുകൾ നിയമനടപടി സ്വീകരിക്കുകയായിരുന്നു. ഏകദേശം 4,100 ജീവനക്കാരെ ഇതിനോടകം പിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഭരണകൂടം കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. എന്നാൽ, ഈ പിരിച്ചുവിടലുകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ജഡ്ജി നിരീക്ഷിച്ചു. ട്രംപ് തന്നെ ഡെമോക്രാറ്റിക് ഏജൻസികളെ ലക്ഷ്യമിട്ട് പിരിച്ചുവിടലുകൾ നടത്തുമെന്ന് പറഞ്ഞിരുന്നതായി ജഡ്ജി ചൂണ്ടിക്കാട്ടി. യുഎസിൻ്റെ നിയമവ്യവസ്ഥയിൽ അങ്ങനെ ചെയ്യാൻ കഴിയില്ലെന്നും ഇവിടെ നിയമങ്ങളുണ്ടെന്നും ജഡ്ജി ഓർമ്മിപ്പിച്ചു.
പിരിച്ചുവിടലുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെള്ളിയാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ജഡ്ജി ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഈ വിധി പാലിക്കാൻ ഏജൻസികൾ സ്വീകരിക്കുന്ന നടപടികൾ എന്താണെന്നും വിശദീകരിക്കണം. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാൻ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് തയ്യാറായിട്ടില്ല.
അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ്, അമേരിക്കൻ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ്, കൗണ്ടി, മുനിസിപ്പൽ എംപ്ലോയീസ് എന്നിവരാണ് ഈ കേസ് ഫയൽ ചെയ്തത്. സർക്കാർ പ്രവർത്തനങ്ങൾ നിർത്തിവെച്ചാലും ജീവനക്കാരെ പിരിച്ചുവിടുന്നത് നിയമപരമായി സാധുതയില്ലെന്നും ഭൂരിഭാഗം ജീവനക്കാരെയും ശമ്പളമില്ലാതെ അവധിയിൽ വിട്ടിരിക്കുകയാണെന്നായിരുന്നു അവരുടെ വാദം