(Photo Courtesy : X)
വാഷിംഗ്ടൺ : വാഷിംഗ്ടൺ പോസ്റ്റ് ജർണലിസ്റ്റ് ജമാൽ ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ സൗദികിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ (എംബിഎസ്) പിന്തുണച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
കൊലപാതകത്തെക്കുറിച്ച്മുഹമ്മദ് ബിൻ സൽമാന് (എംബിഎസ്) യാതൊരു അറിവും ഇല്ലായിരുന്നുവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. യുഎസിൻ്റെ സ്വന്തം ഇൻ്റലിജൻസ് റിപ്പോർട്ടുകൾ പോലും തള്ളിക്കളഞ്ഞുകൊണ്ടാണ് ഓവൽ ഓഫീസിലെ കൂടിക്കാഴ്ചയ്ക്കിടെ സൗദി രാജകുമാരന് അനുകൂലമായുള്ള ട്രംപിൻ്റെ പ്രസ്താവന.

2018-ലെ കൊലപാതകത്തിന് മുഹമ്മദ് ബിൻ സൽമാൻ അനുമതി നൽകിയെന്ന് യുഎസ് ഏജൻസികൾ കണ്ടെത്തിയ സാഹചര്യത്തിൽ അമേരിക്കക്കാർ സൗദി കിരീടാവകാശിയെ വിശ്വസിക്കേണ്ടതുണ്ടോ എന്ന എബിസി ന്യൂസ് റിപ്പോർട്ടറുടെ ചോദ്യത്തിനായിരുന്നു ട്രംപിൻ്റെ ഉറച്ച പ്രതികരണം. വ്യാജ വാർത്തയാണ് നൽകുന്നതെന്ന് സൂചിപ്പിച്ച ട്രംപ് റിപ്പോർട്ടറെ തടസ്സപ്പെടുത്താനും വ്യഗ്രത കാട്ടി. അതേസമയം, സൗദി കിരീടാവകാശി ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു നിന്നില്ല. മു സംഭവത്തെ വേദനാജനകമെന്ന് വിശേഷിപ്പിച്ച മുഹമ്മദ് ബിൻ സൽമാൻ, നിയമപരമല്ലാത്ത രീതിയിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുന്നത് കാണുന്നത് വേദനാജനകമാണെന്ന് പറഞ്ഞു. “അതുപോലെ ഒന്ന് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഞങ്ങളുടെ സിസ്റ്റം മെച്ചപ്പെടുത്തിയിട്ടുണ്ട്. അത് വേദനാജനകമാണ്, അതൊരു വലിയ തെറ്റാണ്.” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഖഷോഗ്ഗിയെ പിടികൂടാനോ കൊല്ലാനോ മുഹമ്മദ് ബിൻ സൽമാൻ അനുമതി നൽകിയെന്ന് 2021-ൽ പുറത്തുവിട്ട യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കിരീടാവകാശിയുടെ ഏറ്റവും അടുത്തവരും സുരക്ഷാ, ഇൻ്റലിജൻസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ഖഷോഗ്ഗിയുടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതിനെക്കുറിച്ചായിരുന്നു നാല് പേജുള്ള റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നത്.
ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് ഖഷോഗ്ഗി കൊല്ലപ്പെട്ട സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധമുയർന്നതിന് ശേഷമുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ ആദ്യ വൈറ്റ് ഹൗസ് സന്ദർശനമാണിത്. മാനുഷികാവകാശ വിഷയങ്ങളിൽ സൗദി അറേബ്യ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച ട്രംപ് , ഇപ്പോൾ
ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറിയെന്നും പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ വൈറ്റ് ഹൗസിലെത്തിയ കിരീടാവകാശി മുഹമ്മദിനെ ട്രംപ് ഊഷ്മളമായ സ്വീകരണമാണ് ട്രംപ് നൽകിയത്. സൈനിക ഫ്ലൈഓവറും യുഎസ് മറൈൻ ബാൻഡിൻ്റെ അഭിവാദനവും ഉൾപ്പെടെയുള്ള ആഘോഷപൂർണ്ണമായ വരവേൽപ്പായിരുന്നു.
സാങ്കേതികമായി ഇതൊരു സ്റ്റേറ്റ് വിസിറ്റ് അല്ല. കാരണം കിരീടാവകാശി രാജ്യത്തലവനല്ല. എന്നാൽ ആരോഗ്യപ്രശ്നങ്ങളുള്ള പിതാവ് സൽമാൻ രാജാവിന് (89) വേണ്ടി രാജ്യത്തിൻ്റെ ദൈനംദിന ഭരണം കിരീടാവകാശി ഏറ്റെടുത്തിരിക്കുകയാണ്. അമേരിക്കയിലെ തങ്ങളുടെ ആസൂത്രിത നിക്ഷേപം 600 ബില്യൺ ഡോളറിൽ നിന്ന് 1 ട്രില്യൺ ഡോളറായി ഉയർത്തുമെന്ന് മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ട്രംപ് മേയിൽ സൗദി അറേബ്യ സന്ദർശിച്ചപ്പോഴാണ് സൗദി ഭരണകൂടം 600 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചത്.
