[Photo Courtesy : X]
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം കർശനമാക്കിയ കുടിയേറ്റ നിയമത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുന്നവരെ ശിക്ഷാ കാലയളവിന് ശേഷം അമേരിക്കയിൽനിന്ന് നാടുകടത്തുന്ന നയത്തെ വിമർശിച്ച് യുഎസ് ഫെഡറൽ കോടതി. കുടിയേറ്റക്കാരെ മാതൃ രാജ്യത്തേക്ക് നാടുകടത്തുന്നതിനു പകരം അവരുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു രാജ്യത്തേക്കാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിന് കീഴിലുള്ള ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് നാടുകടത്തുന്നത്.
അഭയാർഥികളെയും കുടിയേറ്റക്കാരെയും അവരുടെ സ്വന്തം രാജ്യമല്ലാത്ത മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ വിവാദ നയം നിയമവിരുദ്ധമാണെന്നാണ് ഇപ്പോൾ യുഎസ് ഫെഡറൽ കോടതി വിധിച്ചത്. മതിയായ നോട്ടീസോ പരാതിപ്പെടാനുള്ള അവസരമോ നൽകാതെ കുടിയേറ്റക്കാരെ ഇത്തരത്തിൽ അയക്കുന്നത് നിയമവിരുദ്ധമാണെന്ന് മസാച്യുസെറ്റ്‌സിലെ ഡിസ്ട്രിക്റ്റ് ജഡ്ജി ബ്രയാൻ മർഫി ബുധനാഴ്ച ഉത്തരവിട്ടത്. ഭരണകൂടത്തിന്റെ ഈ നടപടി കുടിയേറ്റ നിയമങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളുടെയും ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിനെതിരെ ഒരു കൂട്ടം കുടിയേറ്റക്കാർ ഫയൽ ചെയ്ത ഹർജിയിലാണ് ഈ നിർണ്ണായക വിധി വന്നത്. സ്വന്തം രാജ്യത്ത് പീഡനമോ ഭീഷണിയോ നേരിടുന്നതിനാൽ അവിടെ നിന്ന് പലായനം ചെയ്തവരെ, അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മതിയായ നോട്ടീസ് നൽകാതെയും ആക്ഷേപങ്ങൾ കേൾക്കാതെയും ഒരാളെ അപരിചിതമായ മറ്റൊരു രാജ്യത്തേക്ക് അയക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ‘ഡ്യൂ പ്രോസസ്’ അവകാശത്തിന്റെ ലംഘനമാണെന്ന് ജഡ്ജി മർഫി തന്റെ ഉത്തരവിൽ പറയുന്നു.
ട്രംപ് ഭരണകൂടം അടുത്തിടെ ക്യൂബ, ലാവോസ്, മെക്സിക്കോ, മ്യാൻമർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെ ആഭ്യന്തര യുദ്ധം തകർത്ത തെക്കൻ സുഡാനിലേക്ക് നാടുകടത്താൻ ശ്രമിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. വെറും 24 മണിക്കൂർ മാത്രം നോട്ടീസ് നൽകി കുടിയേറ്റക്കാരെ വിമാനത്തിൽ കയറ്റി അയക്കാനായിരുന്നു നീക്കം. എന്നാൽ കോടതി ഇടപെടലിനെത്തുടർന്ന് ഈ വിമാനം ജിബൂട്ടിയിലെ യുഎസ് നാവിക താവളത്തിലേക്ക് തിരിച്ചുവിടേണ്ടി വന്നു. അവിടെ തടവുകാരെപ്പോലെ ഷിപ്പിങ് കണ്ടെയ്നറുകളിൽ മനുഷ്യത്വരഹിതമായ സാഹചര്യത്തിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
ട്രംപ് ഭരണകൂടം ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. കുറ്റവാളികളായ നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കാൻ തങ്ങൾക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ വാദം. മൂന്നാം രാജ്യങ്ങൾ ഇത്തരക്കാരെ സ്വീകരിക്കാൻ തയ്യാറാണെന്ന് അവർ ഉറപ്പുനൽകുന്നുണ്ടെന്നും സർക്കാർ വാദിക്കുന്നു. എന്നാൽ ഈ ഉറപ്പുകൾ എത്രത്തോളം വിശ്വസനീയമാണെന്നും ആരാണ് ഇതിന് മറുപടി നൽകേണ്ടതെന്നും കോടതി ചോദിച്ചു.
ഈ വിധി കുടിയേറ്റ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന ട്രംപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയാണ്. ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളുമായി ചേർന്ന് ഇത്തരം നാടുകടത്തലുകൾക്കായി ട്രംപ് കരാറുകളിൽ ഏർപ്പെട്ടിരുന്നു. കോടതി വിധി നിലവിൽ വന്നതോടെ, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാതെ ആരെയും മൂന്നാം രാജ്യങ്ങളിലേക്ക് അയക്കാൻ സർക്കാരിന് സാധിക്കില്ല.
