വാഷിങ്ടൺ : ഇന്ത്യൻ അരി, കനേഡിയൻ വളം എന്നീ ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതിക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്താൻ ഒരുങ്ങി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചെലവ് കുറഞ്ഞ വിദേശ ഉൽപ്പന്നങ്ങൾ യുഎസ് ഉത്പാദകരെ ദോഷകരമായി ബാധിക്കുന്നു എന്ന കർഷകരുടെ പരാതികൾ ഉയർന്നതിന് പിന്നാലെയാണ് പുതിയ തീരുമാനമെന്നാണ് സൂചന. അമേരിക്കൻ കർഷകർക്കായി 12 ബില്യൺ ഡോളറിൻ്റെ രക്ഷാ പാക്കേജ് പുറത്തിറക്കുന്നതിനായി വൈറ്റ് ഹൗസിൽ നടന്ന റൗണ്ട് ടേബിൾ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
രാജ്യങ്ങൾ കുറഞ്ഞ വിലയ്ക്ക് അരി അമേരിക്കൻ വിപണിയിലേക്ക് ഡംപ് ചെയ്യുന്നു എന്ന ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തുമെന്ന് ട്രംപ് പറഞ്ഞു. സബ്സിഡി നൽകുന്ന അരിയുടെ ഇറക്കുമതി യുഎസ് വിപണിയെ തകർക്കുകയും ആഭ്യന്തര വില കുറയ്ക്കുകയും ചെയ്യുന്നതായി കർഷകർ ട്രംപിനോട് പരാതിപ്പെട്ടു. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വളമായിരിക്കും അടുത്ത നടപടിയെന്നും യുഎസ് ഉത്പ്പാദനം വർദ്ധിപ്പിക്കുന്നതിന് കനത്ത തീരുവകൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം സൂചന നൽകി.
ഇന്ത്യ, തായ്‌ലൻഡ്, ചൈന എന്നിവയാണ് പ്രധാന കുറ്റക്കാരെന്നാണ് ലൂസിയാന ആസ്ഥാനമായുള്ള കെന്നഡി റൈസ് മില്ലിൻ്റെ സിഇഒ മെറിൽ കെന്നഡി ട്രംപിനോട് പറഞ്ഞു. ചൈനീസ് അരി പ്രധാന ഭൂപ്രദേശത്തേക്കല്ല, പ്യൂർട്ടോ റിക്കോയിലേക്കാണ് പോകുന്നതെന്നും വർഷങ്ങളായി ഞങ്ങൾ പ്യൂർട്ടോ റിക്കോയിലേക്ക് അരി കയറ്റുമതി ചെയ്തിട്ടില്ലെന്നും പറഞ്ഞ കെന്നഡി, ഇക്കാരണത്താൽ തെക്കൻ സംസ്ഥാനക്കാർ ശരിക്കും ബുദ്ധിമുട്ടുകയാണെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യ എങ്ങനെയാണ് നിയമവിരുദ്ധ സബ്‌സിഡികൾ നൽകി അരി വ്യവസായത്തെ താങ്ങിനിർത്തുന്നതെന്ന് കെന്നഡി വിശദീകരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ട്രംപ് ഇടപെട്ടു. “നിങ്ങൾക്ക് കഴിയുമെങ്കിൽ രാജ്യങ്ങൾ ഏതാണെന്ന് എന്നോട് പറയുക. ഇന്ത്യ, മറ്റാര്? സ്കോട്ട്, അത് എഴുതിയെടുക്കൂ,” യു.എസ്. പ്രസിഡൻ്റ് ട്രഷറി സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
യു.എസ്. ട്രേഡ് റെപ്രസൻ്റേറ്റീവ് ഓഫീസ് ഡെപ്യൂട്ടി യു.എസ്.ടി.ആർ. റിക്ക് സ്വിറ്റ്സറിൻ്റെ നേതൃത്വത്തിലുള്ള മുതിർന്ന പ്രതിനിധി സംഘം ഈ ആഴ്ച ഇന്ത്യയുമായി വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ഉഭയകക്ഷി വ്യാപാര കരാർ (BTA) മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായി ഡിസംബർ 10, 11 തീയതികളിൽ ഇരുപക്ഷവും കൂടിക്കാഴ്ച നടത്തും. ഇതിനിടെയാണ് ഇന്ത്യൻ അരിക്ക് ഉയർന്ന താരീഫ് ചുമത്താനുള്ള യുഎസ് പ്രസിഡൻ്റിൻ്റെ തീരുമാനം.
