ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎമാർക്കിടയിൽ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി തന്റെ പേര് ഉപയോഗിക്കരുതെന്നും ആരും തനിക്ക് വേണ്ടി സംസാരിക്കേണ്ടതില്ലെന്നും അദ്ദേഹം എം.എൽ.എമാരോട് അഭ്യർത്ഥിച്ചു. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ശിവകുമാറിൻ്റെ എംഎൽഎമാരോടുള്ള അഭ്യർത്ഥന. ചില എംഎൽഎമാർ ഡൽഹിക്ക് യാത്ര തിരിക്കുന്നതായും സ്ഥാനമാനങ്ങൾക്കായി ചരടുവലികൾ നടക്കുന്നതായും വാർത്തകൾ വരുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് മന്ത്രിയാകണമെന്നോ അധികാരം വേണമെന്നോ ചെയർമാൻ സ്ഥാനം വേണമെന്നോ ആഗ്രഹമുണ്ടെങ്കിൽ അത് സ്വന്തം നിലയ്ക്ക് നോക്കുക. ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുത്. ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്.” ശിവകുമാർ കൂട്ടിച്ചേർത്തു.
ചില എം.എൽ.എമാർ ഡൽഹി സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം കാര്യങ്ങളെ കുറിച്ച് തനിക്ക് അറിവില്ലെന്ന് ശിവകുമാർ പറഞ്ഞു.
ഡി.കെ ശിവകുമാറിനെ പിന്തുണയ്ക്കുന്ന എം.എൽ.എമാർ ബംഗളൂരുവിൽ യോഗം ചേർന്നതായും മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ അവകാശവാദം ഉന്നയിക്കാൻ തീരുമാനിച്ചതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം കാര്യങ്ങൾ തന്റെ അറിവോടെയല്ലെന്ന പ്രസ്താവനയുമായി ശിവകുമാർ രംഗത്തെത്തുന്നത്.
വിധിയുണ്ടെങ്കിൽ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് സഹോദരൻ ഡി.കെ സുരേഷ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ആ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞു. “എല്ലാവരും ഒരേ കാര്യം തന്നെയാണ് പറയുന്നത്. എന്നാൽ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല,” അദ്ദേഹം ഉറച്ച നിലപാടിൽ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള 136 എം.എൽ.എമാരും ഐക്യത്തിലാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷിയിലെ പിന്തുണയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. ആഭ്യന്തര കലഹം ശമിപ്പിക്കാനും പാർട്ടി ഐക്യത്തിലാണെന്നുള്ള ധാരണ പ്രചരിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡി.കെ ശിവകുമാറിന്റെ പ്രസ്താവനയെ വിലയിരുത്തുന്നത്.
