ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി കോടതി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡിസംബർ 16 മുതൽ 29 വരെയാണ് ജാമ്യം. ഈ കാലയളവിൽ, സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി മാത്രമെ ഇടപഴകാവൂ എന്നും വീട്ടിലോ വിവാഹ ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലോ താമസിക്കണമെന്നും ജാമ്യവ്യവസ്ഥയുണ്ട്
കർക്കാർഡൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) സമീർ ബാജ്പായ് ആണ് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജെഎൻയുവിലെ മുൻ വിദ്യാർത്ഥിയായ ഖാലിദ് ചൊവ്വാഴ്ച ഇടക്കാല ജാമ്യം തേടി ഹർജി നൽകിയിരുന്നു. ഡിസംബർ 14 മുതൽ 29 വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹർജിയിൽ. ഡിസംബർ 27 നാണ് ഉമർഖാലിദിന്റെ സഹോദരിയുടെ വിവാഹം.
