ഒടുവിൽ 2025 ലെ ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയിൽ നടത്താൻ തീരുമാനമായി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനത്തെ സ്വാഗതം ചെയ്തു. ധാക്കയിൽ വ്യാഴാഴ്ച നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) വാർഷിക പൊതുയോഗത്തി (AGM) ലാണ് തീരുമാനം കൈക്കൊണ്ടത്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥർ വെർച്വലായാണ് യോഗത്തിൽ പങ്കെടുത്തത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി സംഘർഷം ചൂണ്ടിക്കാട്ടി ധാക്കയിൽ യോഗം നടന്നാൽ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ആഴ്ച ബിസിസിഐ എസിസിയെ അറിയിച്ചിരുന്നു
ഏഷ്യാക്കപ്പിനായി ദുബൈയും അബുദാബിയും അടക്കം മൂന്ന് വേദികൾ ഉപയോഗിക്കുന്നതിന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി (ഇസിബി) കരാർ ഒപ്പിട്ടു. എങ്കിലും, രണ്ടെണ്ണം മാത്രമെ ഉപയോഗിക്കാൻ സാദ്ധ്യതയുള്ളൂ. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയും വരും ദിവസങ്ങളിൽ യോഗം ചേർന്ന് വേദികളും ടൂർണമെന്റ് ഷെഡ്യൂളും അന്തിമമാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു
എട്ട് ടീമുകളുള്ള ഏഷ്യാ കപ്പിന്റെ ആതിഥേയത്വ അവകാശം ബിസിസിഐക്കാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായ പിരിമുറുക്കത്തെത്തുടർന്ന് ടൂർണമെന്റിന്റെ വരാനിരിക്കുന്ന പതിപ്പിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലേക്ക് വരാൻ സാദ്ധ്യതയുണ്ടെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. സെപ്റ്റംബർ 7 മുതലാണ് ഏഷ്യാക്കപ്പ് ആരംഭിക്കുക.
