ന്യൂഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച മലയാളിയായ ജോമോൻ ജോസഫിന്റെ പത്രികയിൽ വ്യാജ ഒപ്പുകളെന്ന് കണ്ടെത്തൽ. ഇതോടെ അദ്ദേഹത്തിന്റെ വിവാദമായ നാമനിർദ്ദേശ പത്രിക തള്ളി.
ജോമോൻ ജോസഫിന്റെ നാമനിർദ്ദേശ പത്രികയിൽ രേഖപ്പെടുത്തിയിട്ടുള്ള 22 നിർദ്ദേശകരുടേയും 22 പിന്തുണക്കുന്നവരുടേയും പേരുകളും ഒപ്പുകളും വ്യാജമാണെന്നാണ് കണ്ടെത്തിയത്. ഒപ്പ് എല്ലാം ലോക്സഭയിലെയും രാജ്യസഭയിലെയും പാർലമെന്റ് അംഗങ്ങളുടേതാണ്. എന്നാൽ, ജോമോൻ ജോസഫിന്റെ നാമനിർദ്ദേശ പത്രികയിൽ തങ്ങളാരും ഒപ്പിട്ടിട്ടില്ലെന്ന് എംപിമാർ വ്യക്തമാക്കി. തുടർന്ന്, ബന്ധപ്പെട്ട എംപിമാരുടെ അറിവില്ലാതെയാണ് പേരുകളും ഒപ്പുകളും ചേർത്തതെന്ന് സ്ഥിരീകരിച്ചാണ് നാമനിർദ്ദേശപത്രിക തള്ളിയത്. നിലവിൽ ജയിലിലുള്ള വൈഎസ്ആർസിപി എംപി മിഥുൻ റെഡ്ഡിയുടെ ഒപ്പ് പോലും ജോമോൻ ജോസഫിന്റെ നാമനിർദ്ദേശ പത്രികയിൽ ഉണ്ടായിരുന്നു എന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ള വിഷയത്തിൽ തുടർ നടപടികൾ എന്താവുമെന്ന് അറിയേണ്ടതുണ്ട്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരുന്നു. 46 സ്ഥാനാർത്ഥികൾ 68 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ഇതിൽ 19 സ്ഥാനാർത്ഥികളുടെ 28 നാമനിർദ്ദേശ പത്രികകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ നിരസിക്കപ്പെട്ടു. 27 സ്ഥാനാർത്ഥികളുടെ ബാക്കി 40 നാമനിർദ്ദേശ പത്രികകൾ ഓഗസ്റ്റ് 22 ന് സൂക്ഷ്മപരിശോധന നടത്തി. സൂക്ഷ്മപരിശോധനയിൽ സി പി രാധാകൃഷ്ണനും ബി സുദർശൻ റെഡ്ഡിയും മാത്രമായിരുന്നു സാധുവായ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇരുവരും നാല് നാമനിർദ്ദേശ പത്രികകൾ വീതം സമർപ്പിച്ചിരുന്നു. ഇതിനിടയിലാണ് എംപിമാരുടെ വ്യാജ ഒപ്പുമായി ജോമോൻ ജോസഫിന്റെ നാമനിർദ്ദേശപത്രിക കണ്ടെത്തിയത്. ഇത്തരമൊരു സുപ്രധാന തെരഞ്ഞെടുപ്പിൽ കൃത്രിമ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള ജോമോൻ ജോസഫിന്റെ നീക്കം വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണത്തിന് വിധേയമായേക്കും.