തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കൗണ്‍സില്‍ യോഗത്തില്‍ ഏകപക്ഷീയമായി വിവാദ വിഷയങ്ങള്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നാണ് കെ മുരളീധരന്റെ നിലപാട്. അതേ സമയം, ഭരണം അട്ടിമറിക്കാനില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കുന്നു. ചില മതങ്ങളുടെ മാത്രം പ്രാര്‍ത്ഥനകള്‍ ചൊല്ലുക, അംഗീകരിക്കാത്ത അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ വരുമ്പോള്‍ പ്രതിപക്ഷത്തുള്ള സമാന ചിന്താഗതിയുള്ളവരുമായി സഹകരിക്കും.
എന്നാൽ, കെ മുരളീധരന്റെ പ്രസ്താവന മുഖവിലയ്ക്കടുക്കാൻ കൊള്ളില്ലെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിരവധി വാര്‍ഡുകളില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റ് നടന്നിട്ടുണ്ടെന്ന് ശിവന്‍കുട്ടി ആരോപിച്ചു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിയുമായി ഒത്തുകളിച്ചതിന്റെ ഫലം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. അതിനാല്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അവരുമായി സഹകരണത്തിനില്ലെന്നും മന്ത്രി ശിവന്‍കുട്ടി തുറന്നടിച്ചു.
